ബെംഗളൂരു: മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായതില്‍ പ്രതികരണവുമായി ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ബി.ജെ.പിയെ പിന്തുണക്കുന്ന അജിത് പവാറിന്റെ തീരുമാനം കേട്ടപ്പോള്‍ കര്‍ണാടകയില്‍ എന്ത് സംഭവിക്കുമെന്നാലോചിച്ച് താന്‍ ആശങ്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ അജിത് പവാര്‍ ആരായിരിക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ബി.ജെ.പിയെ പിന്തുണക്കാമെന്ന അജിത് പവാറിന്റെ തീരുമാനം കേട്ടപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായി. കര്‍ണാടകയില്‍ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചാണ് എനിക്ക് പേടിയായത്. ഭാവിയില്‍ കര്‍ണാടകയിലെ അജിത് പവാര്‍ ആരായിരിക്കുമെന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ അതേ അവസ്ഥ വളരെ പെട്ടെന്ന് തന്നെ ബീഹാറിലും വരുമെന്ന് കേന്ദ്ര സഹ മന്ത്രി അഥവാലെ രാംദാസും പറഞ്ഞു.
‘മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ബീഹാറിലും ഉടനെ വരും. ചില ജെ.ഡി.യു എം.എല്‍.എമാര്‍ നിതീഷ് കുമാറില്‍ തൃപ്തരല്ല. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനോട് അതൃപ്തിയുള്ളതിനാല്‍ ജയന്ത് ചൗധരിക്ക് എന്‍.ഡി.എയില്‍ ചേരാം. സമാജ്‌വാദി പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ തമ്മിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് രാജ്ഭവനിലെത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിനൊപ്പം എന്‍.സി.പിയുടെ ഒമ്പത് എം.എല്‍.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.