ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാത്തിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍. കാര്‍ത്തി കോടതിമുറിയില്‍ ഇരിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ മേത്ത ഇക്കാര്യം പറഞ്ഞത്.
ചിദംബരത്തിന്റെ ജാമ്യഹരജി പരിഗണിക്കവെയായിരുന്നു മേത്തയുടെ പരാമര്‍ശം. നിലവില്‍ ദല്‍ഹി ഹൈക്കോടതി കാര്‍ത്തിയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇതു നീക്കണമെന്നാവശ്യപ്പെടുമ്പോഴായിരുന്നു മേത്ത ഇക്കാര്യം പറഞ്ഞത്.
ചിദംബരത്തിനു വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ്. ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെയ്ക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച രേഖകള്‍ രജിസ്ട്രിയില്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
ചിദംബരത്തിന്റെ പേരിലുള്ള സാമ്പത്തിക ആരോപണങ്ങള്‍ രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ തന്നെ നിലനിര്‍ത്തണമെന്നും മേത്ത വാദിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നും അദ്ദേഹം വാദിച്ചു.
നവംബര്‍ 15-ന് ദല്‍ഹി ഹൈക്കോടതി ചിദംബരത്തിനു ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കസ്റ്റഡിയില്‍ എടുത്തിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല.