| Thursday, 29th December 2022, 2:57 pm

മെസിയെ കാത്തിരിക്കുന്നു, എമിലിയാനോ മാർട്ടിനസിനെ കാര്യമാക്കുന്നില്ല; ഒടുവിൽ പ്രതികരിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ഇതോടെ 1978, 1986 എന്നീ വർഷങ്ങളിൽ ലോകകിരീടം സ്വന്തമാക്കിയതിന് ശേഷം നീണ്ട 36 വർഷങ്ങൾക്കൊടുവിൽ ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാൻ അർജന്റീനക്കായി.

ഇതോടെ ഇതിഹാസ താരമായ ലയണൽ മെസിക്ക് തന്റെ കരിയറിൽ പ്രധാനപ്പെട്ട എല്ലാ ക്ലബ്ബ്, രാജ്യാന്തര കിരീടങ്ങളും സ്വന്തമാക്കാൻ സാധിച്ചു.
ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് എംബാപ്പെയെ അപമാനിച്ചതും തുടർന്ന് ഫ്രഞ്ച് ആരാധകർ അർജന്റീനയുടെ ലോകകപ്പ് ജേഴ്സിയെ അപമാനിച്ചതുമൊക്കെ ലോകകപ്പ് മത്സരത്തിന്റെ ശോഭ കെടുത്തിയിരുന്നു.

എന്നാലിപ്പോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ.

“എതിർ ടീമംഗങ്ങൾ വിജയം ആഘോഷിക്കുന്നത് എനിക്കൊരു പ്രശ്നമല്ല. അത്തരത്തിലുള്ള വില കുറഞ്ഞ കാര്യങ്ങൾക്ക് പിറകെ നടന്ന് എന്റെ ഊർജം പാഴാക്കാൻ ഞാൻ ഒരുക്കമല്ല.

എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം എനിക്കും ക്ലബ്ബിനുമായി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുകയെന്നതാണ്. കൂടാതെ ലയണൽ മെസിയുടെ തിരിച്ചു വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അദ്ദേഹം കൂടി എത്തിച്ചേർന്നതിന് ശേഷം നന്നായി സ്കോർ ചെയ്യാനും മത്സരങ്ങൾ വിജയിക്കാനും ഞങ്ങൾ തുടർന്നും ശ്രമിക്കും,’ എംബാപ്പെ പറഞ്ഞു.

കൂടാതെ മത്സര ശേഷം താൻ മെസിയുമായി സംസാരിച്ചെന്നും ആശംസകൾ നേർന്നെന്നും കൂടി എംബാപ്പെ അറിയിച്ചു.
ലോകകപ്പ് ഫൈനലിന് ശേഷം എംബാപ്പെയും നെയ്മറും പി.എസ്.ജി ക്യാമ്പിലേക്ക് തിരിച്ചു വന്നിരുന്നു. മെസി ഇപ്പോഴും അർജന്റീനയിൽ തന്നെ തുടരുകയാണ്. ഉടൻ തന്നെ അദ്ദേഹം പി.എസ്.ജിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഒരു ഇടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണിൽ സ്‌ട്രോസ്‌ബർഗിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി വിജയിച്ചിരുന്നു.
നെയ്മർ, എംബാപ്പെ മുതലായ സൂപ്പർ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമാണ് സ്‌ട്രോസ്‌ബർഗ് കാഴ്ച വെച്ചത്.

മത്സരം 14 മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ബ്രസീലിയൻ പ്രതിരോധ താരം മാർക്കീന്യോസിന്റെ ഗോളിൽ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാർക്കീന്യോസിന്റെ സെൽഫ് ഗോൾ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോൾ സ്‌ട്രോസ്‌ബർഗിന് സമനില നേടിക്കൊടുത്തു.

കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാൽട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.

ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് നെയ്‌മർ പുറത്തായ മത്സരത്തിൽ മുപ്പത് മിനിട്ടിലധികം പി.എസ്‌.ജി പത്ത് പേരുമായാണ് കളിച്ചത്.

അറുപത്തിയൊന്നാം മിനിട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച നെയ്മർ അതിനു തൊട്ട് പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു.

ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി പെരുമാറികൊണ്ടാണ് നെയ്മർ മൈതാനം വിട്ടത്.

Content Highlights:Waiting for Messi, never mind Emiliano Martinez; Mbappe finally responded

We use cookies to give you the best possible experience. Learn more