| Monday, 3rd June 2024, 1:33 pm

തെരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിന് വിപരീതമാകും, കാത്തിരുന്ന് കാണൂ: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് നേര്‍ വിപരീതമായിരിക്കുമെന്നായിരുന്നു സോണിയാഗാന്ധി പ്രതികരിച്ചത്. കാത്തിരുന്ന് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോളുകള്‍ പ്രകാരം ബി.ജെ.പി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. ബി.ജെ.പിക്ക് 350 സീറ്റ് മുതല്‍ 400 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നതല്ല യഥാര്‍ത്ഥ ഫലം എന്ന് സോണിയാഗാന്ധി പി.ടി.ഐ യോട് പറഞ്ഞു. ഫലം ഇന്ത്യാ സഖ്യത്തിന്റെ വിജയമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തള്ളിയതിന് തൊട്ടുപിന്നാലെയാണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ മോദി മീഡിയ പോള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എക്‌സിറ്റ് പോള്‍ ഫലം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആരോപണം.

അരവിന്ദ് കെജ്രിവാളും എക്‌സിറ്റ് പോള്‍ ഫലങ്ങളെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു പ്രവചനത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നായിരുന്നു കെജ്രിവാളിന്റെ നിരീക്ഷണം. ബി.ജെ.പി യുടെ വ്യാജ സര്‍വ്വേയ്ക്ക് ഒരു പ്രധാന്യവും നല്‍കേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് ഏറ്റവും വലിയ നേട്ടം തന്നെ കൈവരിക്കുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ മിക്ക നേതാക്കളും പ്രതികരിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങും പാര്‍ട്ടിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്‌സിറ്റ് പോളുകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥ വിജയമെന്നും, ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Content Highlight: Wait and watch: What Sonia Gandhi said on Lok Sabha exit poll results

We use cookies to give you the best possible experience. Learn more