ഒസാമ ബിന്‍ ലാദനെക്കുറിച്ച് മുസ്‌ലിം രാജ്യങ്ങള്‍ ചിന്തിക്കുന്നതെന്ത്?...
World
ഒസാമ ബിന്‍ ലാദനെക്കുറിച്ച് മുസ്‌ലിം രാജ്യങ്ങള്‍ ചിന്തിക്കുന്നതെന്ത്?...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2012, 12:56 pm

വാഷിംങ്ടണ്‍: അല്‍-ഖയ്ദ തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലാദന്‍ മുന്നോട്ട് വെച്ച തീവ്രവാദ ചിന്തക്ക് മുസ്‌ലിം രാജ്യങ്ങളില്‍ പിന്തുണ കുറയുന്നു. ഈജിപ്ത്, പാക്കിസ്ഥാന്‍, തുര്‍ക്കി, ലെബനന്‍ എന്നീ മുസ്‌ലീം രാജ്യങ്ങളിലെ ഭൂരിപക്ഷം പേരും ലാദനെ എതിര്‍ക്കുന്നുണ്ടെങ്കിലും ചെറിയ വിഭാഗം ഇന്നും ലാദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നുമുണ്ട്. ഗ്ലോബല്‍ ആറ്റിറ്റിയൂട്ട് പ്രൊജക്ട് എന്ന സംഘടന മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെ ഈ രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാക്കിസ്ഥാനില്‍ ലാദനെ പിന്താങ്ങുന്നത് 13 ശതമാനം പേര്‍ മാത്രമാണ്. 55 ശതമാനം പേര്‍ തീവ്രവാദത്തെ എതിര്‍ക്കുന്നുവെങ്കില്‍ 31 ശതമാനം പേര്‍ക്ക് യാതൊരു അഭിപ്രായവുമില്ല. ജോര്‍ദാനില്‍ 15ശതമാനം ജനങ്ങളാണ് തീവ്രവാദ സംഘടയെ പിന്താങ്ങുന്നത്. 2010ല്‍ ഇത് 34 ശതമാനമായിരുന്നു.  ഈജിപ്തിലാണ് ലാദന് ഏറെ കുറേ ആരാധകരുള്ളത്. ഈജിപ്തില്‍ 21 ശതമാനം പേരും ലാദന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നുണ്ട്.  എന്നാല്‍ ലാദന്റെ മരണത്തിന് മുമ്പ് 2005ല്‍ ജോര്‍ദാനില്‍ 61 ശതമാനം ജനങ്ങള്‍ ലാദനൊപ്പമുണ്ടായിരുന്നു. പാലസ്തീനില്‍ 34 ശതമാനം ജനങ്ങള്‍ ഇന്നും ലാദനെയും അദ്ദേഹത്തിന്റെ പാതയും വിശ്വസിക്കുന്നു.

ലാദന്റെ കൊലപാതകത്തിന് ശേഷം അല്‍-ഖായ്ദയുടെ ബലം ക്ഷയിച്ചെങ്കലും ലോകത്തിന്റെ പലയിടങ്ങളിലും അവര്‍ നടത്തുന്ന ഇടപെടലുകള്‍ ഭീകരവാദികളുടെ പിന്‍ഗാമികള്‍ക്കിന്നും പ്രചോദനമാവുന്നുണ്ട്. ലാദന്റെ ഒളിതാവളം മാത്രമാണ് പാക്കിസ്ഥാനില്‍ നിന്നും പൊളിച്ച് മാറ്റിയത്. ലാദന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ അല്‍-ഖായദ്ക്ക് കഴിയില്ലെങ്കിലും അമേരിക്ക ഒരു തിരിച്ചടി ഏതു നിമിഷവും പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് വാസ്തവം.

Malayalam News

Kerala News in English