| Friday, 15th November 2024, 11:34 am

മുനമ്പത്തെ വഖഫ് സ്വത്ത് വിറ്റത് വഹാബികള്‍, താമസക്കാര്‍ക്ക് നീതി ലഭിക്കണം: ഉമര്‍ ഫൈസി മുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പത്തെ വഖഫ് സ്വത്ത് വിറ്റത് വഹാബികളെന്ന് ഉമര്‍ ഫൈസി മുക്കം. കോഴിക്കോട് മുതലക്കുളത്ത് നടന്ന സമസ്ത ആദര്‍ശസമ്മേളനത്തിലാണ് ഉമര്‍ ഫൈസിയുടെ പരാമര്‍ശം.

ഫറൂഖ് കോളേജ് ഇപ്പോള്‍ വഹാബികളുടെ കയ്യിലാണെന്നും അവരാണ് ഭൂമി വിറ്റതെന്നും കുറേ ഭൂമി കയ്യേറിയ കൂട്ടത്തില്‍ ഈ ഭൂമിയും കയ്യേറിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.

ഫാറൂക് കോളേജിന്റെ അധികാരികളൊന്നും ഭൂമി സന്ദര്‍ശിക്കില്ലെന്നും അവരൊക്കെ വലിയ ശുജായികളാണെന്നും ഭൂമി വില്‍ക്കാന്‍ ഒരു വക്കീലിനെ ഏല്‍പ്പിക്കുകയും ചെയ്തതോടെ കുറേ ഭൂമി വില്‍ക്കുകയും ബാക്കി അയാളുടെ പക്കലാവുകയും ചെയ്തുവെന്നും ഉമര്‍ ഫൈസി പറഞ്ഞു.

വഖഫിന്റെ സ്വത്ത് വഹാബികള്‍ വില്‍ക്കുകയും ഇവര്‍ക്കെന്ത് ഹലാലും ഫറാമുമാണ് ഉള്ളതെന്നും അതാണ് ഇപ്പോള്‍ അവിടെ നടക്കുന്ന പ്രശ്‌നമെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

ഭൂമി പൈസ കൊടുത്ത് വാങ്ങിയവരും അല്ലാത്തവരുമെല്ലാം ഈ വഖഫ് ഭൂമിയിലുണ്ടെന്നും അതിനേക്കാള്‍ കൂടുതലുള്ളത് അറുപതോളം റിസോര്‍ട്ടുകാരാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.

റിസോര്‍ട്ടുകാരാണ് സമരത്തിന് വേണ്ടി ജനങ്ങളെ ഇറക്കിയിട്ടുള്ളതെന്നും കുടിയേറിയ ആളുകള്‍ നിരപരാധികളും പാവങ്ങളുമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.

ഈ വസ്തു വഖഫ് സ്വത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വഖഫിന്റെ ആധാരമുണ്ടെന്നും പരിശോധിച്ചാല്‍ അറിയാമെന്നും ഇത് വില്‍ക്കാന്‍ ദീന്‍ തകര്‍ക്കുന്ന വഹാബികള്‍ക്ക് കഴിയുമെന്നും വഹാബികള്‍ മറുപടി പറയണമെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തുള്ളവരെ പുറത്താക്കണം എന്നല്ല പറയുന്നതെന്നും പ്രശ്നം പരിഹരിച്ച് വഹാബികളോട് നഷ്ടപരിഹാരം വാങ്ങി അവിടെയുള്ളവരെ മറ്റ് സ്ഥലത്ത് കുടിയിരുത്തണമെന്നും ഉമര്‍ ഫൈസി പറഞ്ഞു.

സ്ഥലത്തിന് പൈസ വാങ്ങിയവരില്‍ നിന്ന് തിരിച്ച് വാങ്ങി ആ പാവങ്ങളെ പുനരധിവസിപ്പിക്കണം. വീടുണ്ടാക്കിക്കൊടുക്കണം. മതത്തിന്റെ രാഷ്ട്രീയക്കാര്‍ പോലും വിഷയത്തില്‍ വേണ്ട പോലെ ശബ്ദമുണ്ടാക്കിയിട്ടില്ല. അത് ഖേദകരമാണ്. ഇവിടെയും തൊട്ടൂകൂടാ, അവിടെയും തൊട്ടുകൂടാ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

‘1948ലാണ് ഫറൂഖ് കോളജ് ഉണ്ടാകുന്നത്. അത് നില്‍ക്കുന്ന സ്ഥലം വഖഫാണ്. വേറെയും കുറേ സ്ഥലങ്ങള്‍ കോളജിന് വഖഫായി ലഭിച്ചിട്ടുണ്ട്. മലബാറിലെ മുസ്ലിങ്ങളെ പിന്നോക്കാവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബാഫഖി തങ്ങളടക്കമുള്ളവര്‍ ഇറങ്ങിയതിന്റെ ഫലമായിട്ടാണ് ഫറൂഖ് കോളജ് ഉണ്ടാകുന്നത്,’ ഉമര്‍ ഫൈസി പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമി 1950ലാണ് വഖഫാക്കുന്നതെന്നും സിദ്ധിഖ് സേട്ടെന്ന ആളാണ് മുനമ്പത്തെ ഭൂമി വഖഫാക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞു.

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ വിഷയത്തില്‍ ഓരോ കാഴ്ചപ്പാടുണ്ടെന്നും അത് പോലെത്തന്നെ ജമാഅത്തിനും സമസ്തയ്ക്കും അതിന്റേതായ കാഴ്ചപ്പാടുണ്ടെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

404 ഏക്കര്‍ സ്ഥലത്താണ് സിദ്ധിഖ് സേട്ട് വഖഫ് ഭൂമി ആക്കിയതെന്നും സ്ഥിരമായി വരുമാനം കിട്ടുന്നതും മുതല്‍ നശിക്കാതിരിക്കുകയും ചെയ്യുന്ന ഭൂമിയാണ് വഖഫ് ആക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞു.

കെട്ടിടങ്ങളും സ്ഥലങ്ങളും പോലെയുള്ള നിലനില്‍പ്പുള്ള കാര്യങ്ങളാണ് വഖഫ് ആക്കുന്നതെന്നും വഖഫ് ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നുമാണ് നിയമമെന്നും ഉമര്‍ ഫൈസി പറയുകയുണ്ടായി.

Content Highlight: Wahhabis sold Waqf property in Munamba, residents should get justice: Umar Faizi Mukkam

We use cookies to give you the best possible experience. Learn more