2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടു. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്.
ന്യൂസിലന്‍ഡിനെതിരെ ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങ്ങിലും മുഹമ്മദ് റിസ്വാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ 14 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഫീല്‍ഡിങ്ങില്‍ മികവുള്ള തന്ത്രങ്ങള്‍ കൊണ്ടുവരാനും താരത്തിന് സാധിച്ചില്ലെന്ന് പല മുന്‍ താരങ്ങളും പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ നായകന് പിന്തുണയുമായി വന്നിരിക്കുകയാണ് പാക് താരം വഹാബ് റിയാസ്.
ദുബായില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിക്കുമെന്നും താരം ഒരു പോരാളിയാണെന്നും വഹാബ് റിയാസ് പറഞ്ഞത്. ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക് മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്നും റിയാസ് പറഞ്ഞു. ഫെബ്രുവരി 23നാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
‘റിസ്വാന്‍ ഒരു പോരാളിയാണ്, അവന്‍ തിരിച്ചുവരാന്‍ പ്രാപ്തനാണെന്ന് എനിക്കറിയാം. അവന്‍ വ്യത്യസ്തമായി കളിക്കും. അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാന്‍ അവന് സാധിക്കും.
ന്യൂസിലാന്‍ഡിനെതിരെ അവന്‍ വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നു എന്നാല്‍ ഇന്ത്യക്കെതിരെ മുന്നില്‍ നിന്ന് നയിക്കാന്‍ അവന് കഴിവുണ്ട്. ഇന്ത്യയ്ക്ക് എതിരെ അവന്‍ ഏറ്റവും നല്ല പ്രകടനം നടത്തി മികച്ച നിലയിലെത്തും. അവന്റെ മികവില്‍ പാകിസ്ഥാന്‍ വിജയിച്ചു കയറും,’ വഹാബ് റിയാസ് സ്‌പോര്‍ട്‌സ് 18 ല്‍ പറഞ്ഞു.
Content Highlight: Wahab Riaz Talking About Mohammad Riswan