| Friday, 17th November 2023, 8:37 pm

വഹാബ് റിയാസ് പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 11ന് ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ബാബറും സംഘവും 2023 ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. പാകിസ്ഥാന്റെ പരാജയത്തിന് പുറമെ സക്കാ അറഷഫിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയേയും പി.സി.ബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) നേരത്തെ പുറത്താക്കിയിരിന്നു.

ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖും ബൗളിങ് കോച്ചായ മോണി മോര്‍ക്കലും നേരത്തെ ടീം വിട്ടിരുന്നു. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളറായ വഹാബ് റിയാസാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയും ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ടി-ട്വന്റിയിലുമാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്.

27 ടെസ്റ്റ് മത്സരത്തിലും 91 ഏകദിനങ്ങളിലും 36 ട്വന്റി ട്വന്റിയിലും റിയാസ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലുമായി 237 വിക്കറ്റുകളും 1200 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ആഗോള ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളറാണ് റിയാസ്.

‘മെന്‍സ് സെലക്ഷന്‍ കമ്മിറ്റിയുടെ ചീഫ് സെലക്ടര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ഉത്തരവാദിത്തം എനിക്ക് നല്‍കിയത് പി.സി.ബി ചെയര്‍മാന്‍ സക്ക അഷറഫിനോട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നുണ്ട്. ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഞങ്ങളുടെ മുന്നേറ്റത്തിന് ഓസ്‌ട്രേലിയയിലെ മൂന്ന് ടെസ്റ്റ് പരമ്പരകള്‍ നിര്‍ണായകമാണ്. ന്യൂസിലാന്‍ഡിനെതിരെയും ഞങ്ങള്‍ക്ക് അഞ്ച് ട്വന്റി ട്വന്റി മത്സരങ്ങള്‍ ഉണ്ട്. 2024ലെ ടി-ട്വന്റി ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പുരോഗതിക്കായി മുന്‍ താരങ്ങളെ ടീമില്‍ കൊണ്ടുവരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ 2023 ലോകകപ്പില്‍ നിന്ന് മടങ്ങിയത്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ചതില്‍ ബാബറിനും സംഘത്തിനും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നിരുന്നു.

Content Highlight: Wahab Riaz Pakistan Mens Cricket Chief Selector

We use cookies to give you the best possible experience. Learn more