| Thursday, 9th March 2023, 9:06 pm

വീഡിയോ; പൊള്ളാര്‍ഡോ റസലോ ആയിരുന്നെങ്കില്‍ അവന്റെ തലയില്‍ നിന്നും ചോര ഒഴുകിയേനേ; ആരാധകരെ ത്രില്ലടിപ്പിച്ച് പി.എസ്.എല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരെ മനസിനെ ഒരിക്കല്‍ക്കൂടി കുളിരണിയിച്ച് ക്രിക്കറ്റിലെ മനോഹര നിമിഷം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സും പെഷവാര്‍ സാല്‍മിയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹര നിമിഷങ്ങളില്‍ ഒന്ന് പിറന്നത്.

സെഞ്ച്വറിയുമായി സാല്‍മി നായകന്‍ ബാബര്‍ അസവും ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമായ ജേസണ്‍ റോയ്‌യും കളം നിറഞ്ഞാടിയ മത്സരത്തിലായിരുന്നു വഹാബ് റിയാസിന്റെയും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്ടില്ലിന്റെയും ഷോ ഓഫ് റെസ്‌പെക്ട് മൊമെന്റ് പിറന്നത്.

ഗ്ലാഡിയേറ്റേഴ്‌സ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. വഹാബ് റിയാസ് എറിഞ്ഞ ഡെലിവറി ഗപ്ടില്‍ ഉയര്‍ത്തിയടിക്കുകയായിരുന്നു. ക്യാച്ചെടുത്ത് റിയാസ് തന്നെയായിരുന്നു ഗപ്ടില്ലിനെ പുറത്താക്കിയത്.

പുറത്താത്തിയ ശേഷം വഹാബ് റിയാസ് ഗപ്ടില്ലിനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഗപ്ടില്ലും വഹാബിനെ കെട്ടിപ്പിടിച്ച് സംസാരിച്ച ശേഷമാണ് തിരികെ നടന്നത്. എട്ട് പന്തില്‍ നിന്നും 21 റണ്‍സ് നേടിയാണ് ഗപ്ടില്‍ പുറത്തായത്.

അതേസമയം, മത്സരത്തില്‍ എട്ട് വിക്കറ്റിന് ഗ്ലാഡിയേറ്റേഴ്‌സ് വിജയിച്ചിരുന്നു. പി.എസ്.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം റണ്‍സ് പിറന്ന മത്സരം കൂടിയായിരുന്നു ഇത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സാല്‍മി നായകന്‍ ബാബര്‍ അസം ആക്രമിക്കാനുറച്ചുതന്നെയായിരുന്നു. സിയാം അയ്യൂബിനൊപ്പം ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യവിക്കറ്റില്‍ അസം പടുത്തുയര്‍ത്തിയത്.

സിയാം അയ്യൂബ് 34 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 74 റണ്‍സ് നേടി പുറത്തായി. 65 പന്തില്‍ നിന്നും 115 റണ്ണടിച്ചാണ് ബാബര്‍ തരംഗമായത്. 15 ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ടി-20യില്‍ ബാബറിന്റെ എട്ടാമത് സെഞ്ച്വറിയാണിത്.

മൂന്നാമനായി എത്തിയ റോവ്മന്‍ പവലും ആഞ്ഞടിച്ചതോടെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സാല്‍മി 240 റണ്‍സ് നേടി.

ബാബറിന്റെ സെഞ്ച്വറിക്ക് മറുപടി ജേസണ്‍ റോയ്‌യുടെ സെഞ്ച്വറിയിലൂടെയാണ് ഗ്ലാഡിയേറ്റേഴ്‌സ് നല്‍കിയത്. ഓപ്പണറായി ഇറങ്ങിയ റോയ് 63 പന്തില്‍ നിന്നും പുറത്താകാതെ 145 റണ്‍സാണ് നേടിയത്. 20 ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ജേസണ്‍ റോയ്‌ക്കൊപ്പം ഗപ്ടില്ലും വില്‍ സ്മീഡും മുഹമ്മദ് ഹഫീസും ആഞ്ഞടിച്ചതോടെ പത്ത് പന്തും എട്ട് വിക്കറ്റും ശേഷിക്കെ ഗ്ലാഡിയേറ്റേഴ്‌സ് വിജയം സ്വന്തമാക്കി.

Content highlight: Wahab Riaz kisses Martin Guptil after dismissing him PSL

We use cookies to give you the best possible experience. Learn more