| Wednesday, 14th June 2017, 9:43 pm

'പേപ്പര്‍ വെയ്‌റ്റോ പുന്തോട്ടത്തിലെ കാഴ്ച വസ്തുവായോ വെക്കാം'; മോശം പ്രകടനം നടത്തിയ വഹാബ് റിയാസിനെ ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക് ആരാധകരുടെ കലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആദ്യ മത്സരത്തില്‍ ഇന്ത്യയെ നേരിടുന്നതിനിടെ ഏറ്റ പരിക്കില്‍ നിന്നും മുക്തനായി വരികയാണ് പാക് താരം വഹാബ് റിയാസ്. എന്നാല്‍ പരിക്കിനു മുമ്പ് വഹാബിന് മറി കടക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെയായിരിക്കും.

പാകിസ്താന്റെ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ വഹാബ് റിയാസിനെ പ്രമുഖ ഓണ്‍ലൈന്‍ വാണിജ്യ പോര്‍ട്ടലായ ഇബേയില്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. താരത്തിന്റെ പ്രകടനത്തില്‍ രോഷം പൂണ്ട പാക് ആരാധകരാണ് ഈ വിദ്യയ്ക്ക് പിന്നില്‍.

തന്റെ സ്വാഭാവികമായ ഫോമില്‍ കളിക്കുന്ന ദിവസം ഏത് ലോകോത്തര ബാറ്റ്‌സ്മാനെയും വെള്ളം കുടിപ്പിക്കുന്ന താരമാണ് റിയാസ്. ആ ചൂട് ഷെയ്ന്‍ വാട്‌സണ്‍ അനുഭവിച്ചതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി റിയാസ് തന്റെ നിഴലായി മാറിയിരിക്കുകയാണ്.

ഇന്ത്യയ്‌ക്കെതിരെ റിയാസ് വിട്ടു കൊടുത്തത് 87 റണ്‍സാണ്. അതൊരു ചില്ലറ കണക്കല്ല. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഒരു താരം വഴങ്ങിയ ഏറ്റവും വലിയ സ്‌കോറാണിത്. ഈ പ്രകടനമാണ് ആരാധകരെ കലി പിടിപ്പിച്ചത്. കലി മൂത്ത ആരാധകര്‍ അത് തീര്‍ക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തിയതാകട്ടെ റിയാസിനെ ഇബേയില്‍ വില്‍പ്പനയ്ക്ക് വച്ചും.


Also Read: ‘ഇന്നും ജീവനോടെയിരിക്കുന്നു എന്നത് വലിയ ഭാഗ്യം’; ക്യാന്‍സറിനെ വെല്ലുവിളിച്ച് മുന്നേറിയ ജീവിതത്തേയും കരിയറിലെ മറക്കാനാകാത്ത അനുഭവങ്ങളേയും കുറിച്ച് യുവരാജ് മനസു തുറക്കുന്നു


പോസ്റ്റിന് 50 പേര്‍ ലേലത്തില്‍ പങ്കെടുത്ത് രംഗത്തെത്തിയിരുന്നു. 610 അമേരിക്കന്‍ ഡോളര്‍ വരെ ലേല തുക ഉയരുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ ഇബേ റിയാസിനെ വില്‍പ്പനയ്ക്ക് വെച്ച് കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

ഉപയോഗിച്ച് തീര്‍ന്നത് എന്നാണ് വില്‍പ്പനയ്ക്കായി റിയാസിന് നല്‍കിയിരിക്കുന്ന വിശേഷണം. മികച്ച പേപ്പര്‍ വെയ്‌റ്റോ പൂന്തോട്ടത്തിലെ വസ്തുവായോ മറ്റോ ഉപയോഗിക്കാന്‍ ഉത്തമമെന്നും “വസ്തു”വിന്റെ വിശേഷണമായി നല്‍കിയിരിക്കുന്നത്.

അതേസമയം, സെമിയില്‍ പാകിസ്താന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനെ 211 ന് വരിഞ്ഞു മുറുക്കിയ പാകിസ്താന്‍ ഇപ്പോള്‍ 200 ലെത്തിയിട്ടുണ്ട്. വെറും രണ്ട് വിക്കറ്റ് മാത്രമാണ് ടീമിന് നഷ്ടമായത്.

We use cookies to give you the best possible experience. Learn more