മുത്തലാഖ് ബില്‍; വൈകി വന്ന വഹാബിന് രാജ്യസഭയില്‍ പ്രസംഗിക്കാനായില്ല
national news
മുത്തലാഖ് ബില്‍; വൈകി വന്ന വഹാബിന് രാജ്യസഭയില്‍ പ്രസംഗിക്കാനായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 7:55 am

ന്യൂദല്‍ഹി: പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാല്‍ മുസ്‌ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കാനായില്ല. സഭയിലില്ലാത്തതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം എത്തിയത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് എത്തിയില്ല.

ബില്ലിനെതിരായി വോട്ട് ചെയ്‌തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിക്കാതെ വന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്. എന്‍.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികളും ടി.ആര്‍.എസ്, ടി.ഡി.പി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു.