തിരൂര്‍: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നീക്കം ചെയ്ത വാഗണ്‍ ട്രാജഡിയുടെ സ്മാരക ചിത്രങ്ങള്‍ തിരൂരില്‍ വീണ്ടും തെളിയും. വാഗണ്‍ ട്രാജഡി സ്മാരകഹാളിന് മുന്നിലെ ഓപണ്‍ സ്‌റ്റേജിന്റെ ചുവരിലാണ് നഗരസഭ മുന്‍കൈയെടുത്ത് ചിത്രങ്ങള്‍ വീണ്ടും വരക്കുന്നത്. നഗരസഭ ചെയര്‍മാന്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നും വെള്ളിയാഴ്ച ചെയര്‍മാനെ നേരില്‍ കാണുമെന്നും ചിത്രകാരന്‍ പ്രേംകുമാര്‍ പറഞ്ഞു.
ചിത്രങ്ങള്‍ വീണ്ടും വരക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് പ്രതിഷേധത്തിന്‍റെ ഭാഗമായിക്കൂടിയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. നഗരസഭ അനുമതി നല്‍കിയാല്‍ ഉടന്‍ ചിത്രം വരക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അടുത്ത കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും നഗരസഭ ചെയര്‍മാന്‍ കെ. ബാവ പറഞ്ഞു.
ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ കത്തയച്ചു.
അതേസമയം സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രസ്മാരക ചിത്രം നീക്കം ചെയ്ത റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ്. വൈകീട്ട് ഡി.വൈ.എഫ്.ഐ, ജനതാദള്‍ (എസ്) സംഘടനകള്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണയും പ്രതീകാത്മക ചിത്രം വരയും സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസം റെയില്‍വേ ചുമരില്‍ തയ്യാറാക്കിയ വാഗണ്‍ ട്രാജഡിയുടെ സ്മാരക ചിത്രങ്ങള്‍ സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി പണിപൂര്‍ത്തിയാകും മുമ്പേ മായ്ച്ചുകളയാന്‍ ഉത്തരവിറക്കുകയായിരുന്നു.
ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചിലസംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
1921ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം.
അറുപത്തിനാലോളം പേരാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലിംകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.