| Thursday, 10th October 2019, 11:25 am

'ശ്രീറാം വീണ്ടും കള്ളം ആവര്‍ത്തിക്കുന്നു'; നാളെ എന്താണ് തനിക്ക് സംഭവിക്കുകയെന്ന് അറിയില്ല ; പുതിയ വീഡിയോയുമായി വഫ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ തള്ളി വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമന്‍ കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നെന്നും വഫ പറഞ്ഞു.

ടിക് ടോകിലൂടെയായിരുന്നു വഫയുടെ പ്രതികരണം. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് വഫാ ഫിറോസ് ആണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയതോടെയാണ് വഫ ടിക് ടോക് വഴി വീണ്ടും രംഗത്തെത്തിയത്.

അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. താന്‍ എന്താണോ പറഞ്ഞത് അതില്‍ മാറ്റമില്ല. ഇനി എന്താണ് തനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും വഫ ഫിറോസ് പറഞ്ഞു.

ശ്രീറാമിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. ഞാനൊരു സാധാരണക്കാരിയാണ്. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതെല്ലാം എവിടെ? എന്ത് കാരണത്തലാണ് കള്ളം ആവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും വഫ വിഡിയോയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലാണിത്.

അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നും തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം അഭ്യര്‍ഥിച്ചിരുന്നു.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.

ഓഗസ്റ്റ് മൂന്നിന് രാത്രി 12.55-നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നുതന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം മെഡിക്കല്‍ കോളേജില്‍ എത്താതെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറച്ച് കേസ് ദുര്‍ബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയതും. ജാമ്യം നല്‍കിയെങ്കിലും നടപടി ക്രമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

കിംസ് ആശുപത്രിയില്‍ അഡ്മിറ്റായി ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്തസാമ്പിളുകള്‍ പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് കിംസ് ആശുപത്രി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി മൊഴിയെടുക്കുകയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

എന്നാല്‍ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20-ാം വാര്‍ഡിലെ സെല്‍റൂമിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് സര്‍ജിക്കല്‍ ഐ.സി.യുവിലേക്കും ട്രോമ ഐ.സി.യുവിലേക്കും മാറ്റി.

DoolNews Video

Content Highlights: wafa firoz against sreeram venkitaraman

We use cookies to give you the best possible experience. Learn more