| Sunday, 4th May 2014, 10:35 am

രഞ്ജിത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ (ഡബ്‌ളിയു.എ.ഡി.എ).  ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചു.

കേന്ദ്രം സുപ്രീ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.  ഇന്നലെ രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും അര്‍ജുന പുരസ്‌കാര നിര്‍ദേശ പട്ടികയില്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അര്‍ജുനയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി രഞ്ജിത് മഹേശ്വരിയെ ഒഴിവാക്കിയിരുന്നു. പക്ഷേ 2008ല്‍ പരിശോധന നടന്ന നാഷണല്‍ ഡോപിംഗ് ടെസ്റ്റ് ലബോറട്ടറിക്ക് ഡബ്യു.എ.ഡി.എ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീടാണ് ലബോറട്ടറിക്ക് അംഗീകാരം കിട്ടിയത്.

ഇതേതുടര്‍ന്നാണ് രഞ്ജിത് മഹേശ്വരിയെ അത്‌ലറ്റിക് ഫെഡറേഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അര്‍ജുനക്ക് വീണ്ടും നിര്‍ദേശിച്ചത്. കായിക മന്ത്രാലയത്തിന്റെ യോഗ്യതാ നിര്‍ദേശങ്ങളില്‍ പറയുന്നതനുസരിച്ച് വാഡയുടെയുടേയോ ഇന്ത്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെയോ (ഐ.ഒ.സി) അംഗീകാരമുള്ള ലാബുകളില്‍ നടത്തുന്ന ഉത്തേജക മരുന്നു പരിശോധന മാത്രമേ അര്‍ജുന പുരസ്‌കാരത്തില്‍ മാനദണ്ഡമാക്കാനാവൂ. രഞ്ജിത്തിന് അവാര്‍ഡ് നിഷേധിച്ചതിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

We use cookies to give you the best possible experience. Learn more