വനിതാ നിര്‍മാതാവിന്റെ ആരോപണം ഗുരുതരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂ.സി.സി
Kerala News
വനിതാ നിര്‍മാതാവിന്റെ ആരോപണം ഗുരുതരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2024, 8:09 pm

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരായ ആരോപണം ഗുരുതരവും ആശങ്കാജനകമാണെന്നും ഡബ്ല്യൂ.സി.സി. സിനിമയിലെ തൊഴിലുടമകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുകള്‍ അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടവരാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

‘സിനിമയിലെ തൊഴിലുടമകള്‍’ എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകള്‍.

ഈ സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റമുണ്ടായി എന്ന് വനിതാ നിര്‍മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്,’ എന്നാണ് ഡബ്ല്യൂ.സി.സി പറഞ്ഞത്.

കഴിഞ്ഞ ദിവസം നിര്‍മാതാക്കളായ ആന്റോ ജോസഫ്, പി. രാഗേഷ് എന്നിവര്‍ക്കെതിരെ വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒമ്പത് പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കുറ്റാരോപിതര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് ഡബ്ല്യൂ.സി.സി നിലവില്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംഘടന കുറ്റാരോപിതര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിതെന്നും ഡബ്ല്യൂ.സി.സി ചൂണ്ടിക്കാട്ടി.

കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താത്കാലികമായി സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ തയ്യാറായിട്ടില്ലെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങളാണ്. കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങള്‍ക്കുള്ളില്‍ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്ന് ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

പരാതി രേഖപ്പെടുത്തിയ വനിതാ നിര്‍മാതാവിന് സംഘടന പിന്തുണ അറിയിക്കുകയും ചെയ്തു. സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ‘നിശബ്ദതയുടെ സംസ്‌കാരം’ പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

Content Highlight: W.C.C against Producers Association