| Saturday, 15th April 2023, 9:48 pm

എജ്ജാദി അരങ്ങേറ്റം; ചെണ്ടകള്‍ക്ക് പകരക്കാരനായി കര്‍ണാടക ഡൊമസ്റ്റിക്കില്‍ നിന്നും ആര്‍.സി.ബി കണ്ടെത്തിയ മാണിക്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 20ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.

ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായമായത് വൈശാഖ് വിജയ്കുമാര്‍ എന്ന 25കാരനായിരുന്നു. ഐ.പി.എല്ലില്‍ തന്റെ അരങ്ങേറ്റമായിരുന്നു ഈ കര്‍ണാടകക്കാരന്‍ നടത്തിയത്.

സ്വന്തം സ്റ്റേഡിയത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍, താന്‍ കളിയടവ് പഠിച്ച കര്‍ണാടകയുടെ മണ്ണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെടാന്‍ ഒരിക്കലും അവന് സാധിക്കുമായിരുന്നില്ല. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ക്യാപ്പിറ്റല്‍സ് ബാറ്റര്‍മാര്‍ അനുഭവിച്ചറിഞ്ഞത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ വൈശാഖ് വെറും 20 റണ്‍സ് വിട്ടുകൊടുത്ത് പിഴുതെറിഞ്ഞത് മൂന്ന് മുന്‍നിര ക്യാപ്പിറ്റല്‍സ് വിക്കറ്റുകളാണ്. ക്യാപ്പിറ്റല്‍സിനെ ഒറ്റയ്ക്ക് നിന്ന് ജയിപ്പിക്കാന്‍ കെല്‍പുള്ളവരെ തന്നെയായിരുന്നു ഈ അരങ്ങേറ്റക്കാരന്‍ മടക്കിയതെന്നതാണ് ഈ പ്രകടനത്തിന്റെ മധുരം ഇരട്ടിയാക്കുന്നത്.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവരാണ് വൈശാഖിന് മുമ്പില്‍ വീണത്.

ആഭ്യന്തര തലത്തില്‍ കര്‍ണാടകയുടെ താരമായ വൈശാഖ് കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മൈസൂരു വാറിയേഴ്‌സിനും മാംഗ്ലൂര്‍ യുണൈറ്റഡിനും വേണ്ടി പന്തെറിഞ്ഞവനാണ്.

കരിയറില്‍ ഇതുവരെ കളിച്ച പത്ത് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 38 വിക്കറ്റാണ് താരം വീഴ്ത്തിയത്. 59/ 5 എന്നതാണ് ഫസ്റ്റ് ക്ലാസിലെ താരത്തിന്റെ മികച്ച ഫിഗര്‍.

ഏഴ് ലിസ്റ്റ് എ മത്സരത്തില്‍ നിന്നും 11 വിക്കറ്റ് വീഴ്ത്തിയ താരം കെ.പി.എല്ലിലടക്കം 15 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടി-20യില്‍ 25 വിക്കറ്റുകള്‍ സ്വന്തമായുള്ള വൈശാഖിന്റെ ടി-20യിലെ മികച്ച ബൗളിങ് പ്രകടനം അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്.

Content highlight: Vyshakh Vijaykumar’s brilliant performance against Delhi Capitals

We use cookies to give you the best possible experience. Learn more