| Monday, 3rd June 2024, 10:32 am

സ്വന്തം വാപ്പയുടെ മരണം മനസില്‍ ആലോചിച്ചാണ് മമ്മൂക്ക ഒറ്റ ഷോട്ടില്‍ ആ സീന്‍ ചെയ്തത്: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനപ്രവാഹം തീര്‍ത്തുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന ടര്‍ബോ. കംപ്ലീറ്റ് ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍ പലരുടെയും ഹൃദയത്തെ സ്പര്‍ശിച്ച സീനുകളിലൊന്നായിരുന്നു മമ്മൂട്ടി തന്റെ ഫ്‌ളാഷ്ബാക്ക് പറയുന്ന സീന്‍. മമ്മൂട്ടിയുടെ പിതാവ് മരിച്ച സമയത്തെ കാര്യങ്ങള്‍ മനസില്‍ ആലോചിച്ചാണ് ആ സീന്‍ ചെയ്തതെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു.

വാപ്പ മരിച്ച സമയത്ത് മമ്മൂട്ടി കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്നുവെന്നും ഒരുപാട് ശ്രമിച്ചിട്ടും ഫ്‌ളൈറ്റൊന്നും കിട്ടിയില്ലെന്നും, നാട്ടിലെത്തി എല്ലാ ചടങ്ങും ചെയ്ത അനുഭവം മമ്മൂട്ടി പറഞ്ഞപ്പോള്‍ താന്‍ കരഞ്ഞുവെന്നും എന്നാല്‍ മമ്മൂട്ടി കരയാതെയാണ് അത് പറഞ്ഞതെന്നും വൈശാഖ് പറഞ്ഞു.

ആ സമയത്തെ മാനസികാവസ്ഥ ഓര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ആ സീന്‍ ചെയ്തതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘ആ സീന്‍ ഫസ്റ്റ് ഡ്രാഫ്റ്റില്‍ തന്നെ മിഥുന്‍ നല്ല രീതിയില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ടര്‍ബോ ജോസ് എങ്ങനെയുള്ള ആളാണ് എന്ന് ആ ഒരൊറ്റ സീനില്‍ ഓഡിയന്‍സിന് മനസിലാക്കികൊടുക്കാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. പക്ഷേ അത് എങ്ങനെ പ്രസന്റ് ചെയ്യുമെന്നായിരുന്നു എന്റെ ചിന്ത. ഒരുപാട് സിനിമകളില്‍ തന്റെ വേദനിപ്പിക്കുന്ന പാസ്റ്റിനെപ്പറ്റി മമ്മൂക്ക പറയുന്ന സീനുകളുണ്ട്. അതില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകാകം എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു.

മമ്മൂക്ക കുറെ നേരം മിണ്ടാതെയിരുന്നു. എന്നിട്ട് പുള്ളിയുടെ വാപ്പ മരിച്ച സമയത്തെ സംഭവങ്ങള്‍ പറഞ്ഞു. ആ സമയത്ത് മമ്മൂക്കയും ഫാമിലിയും അമേരിക്കയിലായിരുന്നു. നാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്താന്‍ വേണ്ടി ഒരുപാട് ശ്രമിച്ചു. ലാസ്റ്റ് മിനിറ്റ് ആയതുകൊണ്ട് ഫ്‌ളൈറ്റൊന്നും കിട്ടിയില്ല.

അവസാനം, നാട്ടിലെത്തി എല്ലാ ചടങ്ങുകളും തീര്‍ത്ത് വീട്ടില്‍ കേറിയതുവരെയുള്ള കാര്യങ്ങള്‍ പുള്ളി പറഞ്ഞു. എനിക്ക് അതൊക്കെ കേട്ടപ്പോള്‍ വല്ലാതെ ഫീലായി. ഇത്രയും വലിയ സൗകര്യങ്ങളൊക്കെയുള്ള പുള്ളിയുടെ അവസ്ഥ ആലോചിച്ച് എനിക്ക് കരച്ചില്‍ വന്നു. പുള്ളി അത് കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ‘ഇത് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നോ?’, ഞാന്‍ പറഞ്ഞു, ‘ഇല്ല മമ്മൂക്ക, പക്ഷേ ഞാന്‍ കരഞ്ഞു,’ എന്ന്.

പിന്നെയാണ് ഞാന്‍ അത് ആലോചിച്ചത്. അന്ന് പുള്ളിയെ അത്രയും കരയിപ്പിച്ച ഒരു കാര്യം ഇപ്പോള്‍ പറഞ്ഞപ്പോള്‍ കരയുന്നില്ല. പക്ഷേ ആ വിഷമം അദ്ദേഹത്തിന്റ് വാക്കുകളിലുണ്ട്. ആ സംഭവവുമായി പുള്ളി പ്രൊസ്സസ്ഡ് ആയി. പക്ഷേ കേള്‍ക്കുന്നവര്‍ കരയും. ആ ഒരു ഫീലില്‍ മമ്മൂക്ക ആ സീന്‍ ചെയ്തു തീര്‍ത്തു,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh saying about how Mammootty did the flashback narration scene in Turbo

We use cookies to give you the best possible experience. Learn more