മമ്മൂട്ടി കൈപിടിച്ചു കൊണ്ടുവന്നു, വീണപ്പോള്‍ കൈപിടിച്ചുയര്‍ത്തിയതും മമ്മൂട്ടി തന്നെ, വൈശാഖിന്റെ തിരിച്ചുവരവ്
Entertainment
മമ്മൂട്ടി കൈപിടിച്ചു കൊണ്ടുവന്നു, വീണപ്പോള്‍ കൈപിടിച്ചുയര്‍ത്തിയതും മമ്മൂട്ടി തന്നെ, വൈശാഖിന്റെ തിരിച്ചുവരവ്
അമര്‍നാഥ് എം.
Wednesday, 29th May 2024, 5:31 pm

ജോണി ആന്റണി, ജോഷി എന്നിവരുടെ അസിസ്റ്റന്റായാണ് വൈശാഖ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാള സിനിമക്ക് ഒരുപാട് പുതുമുഖ സംവിധായകരെ സമ്മാനിച്ച മമ്മൂട്ടി പോക്കിരിരാജയിലൂടെ വൈശാഖ് എന്ന പുതുമുഖ സംവിധായകനെയും സമ്മാനിച്ചു. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്ററാക്കി മാറ്റിയ വൈശാഖ് പിന്നീട് മലയാള ഇന്‍ഡസ്ട്രിയുടെ സീന്‍ മൊത്തമായി മാറ്റി മറിച്ചു. പിന്നീട് സംവിധാനം ചെയ്ത സീനിയേഴ്‌സും, മല്ലു സിങും ഗംഭീര വിജയമായതോടെ ഇന്‍ഡസ്ട്രിയുടെ മുന്‍ നിരയിലേക്കെത്താന്‍ വൈശാഖിനായി.

എന്നാല്‍ വിശുദ്ധനും, കസിന്‍സും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയതോടെ കരിയര്‍ പ്രതിസന്ധിയിലായി. പിന്നീട് രണ്ടു വര്‍ഷത്തിന് ശേഷം കണ്ടത് വൈശാഖ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും ഉയര്‍ച്ചയായിരുന്നു. ഇന്‍ഡസ്ട്രി അതുവരെ കാണാത്ത ബജറ്റില്‍ ഒരു ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്ത് തന്റെ മികവ് കാണിച്ചു.

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ പ്രായഭേദമന്യേ മലയാളികള്‍ ആഘോഷമാക്കി മാറ്റി. 100 കോടി എന്ന അത്ഭുതസംഖ്യ സ്വപ്‌നം മാത്രം കണ്ട മലയാളസിനിമക്ക് പുലിമുരുകനിലൂടെ വൈശാഖ് സാധ്യമാക്കിക്കൊടുത്തു.

പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ സാമ്പത്തികമായി വിജയം നേടിയതിന് പിന്നിലും വൈശാഖ് എന്ന സംവിധായകന്റെ മികവ് തന്നെയാണ്. എന്നാല്‍ പിന്നീട് വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് ശ്രദ്ധിക്കപ്പെടാതെ പോയി. പുലിമുരുകന് ശേഷം മോഹന്‍ലാല്‍-ഉദയകൃഷ്ണ-വൈശാഖ് കോമ്പോ ഒന്നിച്ച മോണ്‍സ്റ്റര്‍ മൂന്നുപേരുടെയും കരിയറിലെ മോശം സിനിമകളിലൊന്നായി മാറി.

കരിയറില്‍ വീണ്ടും സ്ട്രഗിള്‍ ചെയ്തു നില്‍ക്കുന്ന സമയത്ത് മികച്ച ഫോമില്‍ നില്‍ക്കുന്ന മമ്മൂട്ടിയെവെച്ച് സിനിമ ചെയ്യാന്‍ വൈശാഖിന് വീണ്ടും അവസരം ലഭിക്കുന്നു. അതും മമ്മൂട്ടി തന്നെ നിര്‍മിക്കുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റിന്റെ സമയത്ത് വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. ‘എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുകയാണ്,’ ഒരു പുതുമുഖ സംവിധായകന്റെ അതേ അര്‍പ്പണബോധത്തോടു കൂടി തന്നെ കൈപിടിച്ചുകൊണ്ടുവന്ന നടനെ വെച്ച് മറ്റൊരു സിനിമ.

കാലങ്ങളായി കണ്ടുവന്ന പുതുമകളൊന്നുമില്ലാത്ത സ്‌ക്രിപ്റ്റിനെ തന്റെ മേക്കിങ് മികവ് കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റാന്‍ ടര്‍ബോയിലൂടെ വൈശാഖിന് സാധിച്ചു. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചെയ്‌സിങ് സീനും തീപ്പൊരി ഫൈറ്റുകളുള്ള ക്ലൈമാക്‌സുമെല്ലാം അയാളിലെ സംവിധായകനെ വിലകുറച്ചു കണ്ടവര്‍ക്കുള്ള മറുപടിയാണ്. ടര്‍ബോ വൈശാഖിന്റെ തിരിച്ചുവരവ് കൂടിയാണ്.

Content Highlight: Vyshakh’s comeback in Turbo

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം