| Tuesday, 16th July 2024, 4:08 pm

20 കോടിക്ക് ടര്‍ബോ ചെയ്ത് തീര്‍ക്കാനായിരുന്നു ഉദ്ദേശിച്ചത്, പക്ഷേ പ്രതീക്ഷിച്ചതിലുമധികം ചെലവായി: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ റിലീസായ ചിത്രമായിരുന്നു ടര്‍ബോ. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ആദ്യത്തെ മുഴുനീള ആക്ഷന്‍ ചിത്രമെന്ന നിലയില് അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. വൈശാഖ് സംവിധാനം ചെയ്ത സിനിമക്ക് ആദ്യദിനം മുതല്‍ ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

40 കോടി ബജറ്റാണെന്ന് പല സിനിമാപേജുകളും പറയുന്നുണ്ടെങ്കിലും പ്രൊഡക്ഷന്‍ ഭാഗത്ത് നിന്ന് ഇതിനെപ്പറ്റി വ്യക്തത ലഭിച്ചിട്ടില്ല. ഇപ്പോഴിതാ ടര്‍ബോയുടെ ബജറ്റിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. താനും തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസും, എഡിറ്റര്‍ ഷമീര്‍ മുഹമ്മദും ചേര്‍ന്ന് നിര്‍മിക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നതെന്ന് വൈശാഖ് പറഞ്ഞു.

ആ സമയത്ത് 20 കോടിക്കുള്ളില്‍ സിനിമ ചെയ്തു തീര്‍ക്കാനായിരുന്നു ആലോചിച്ചതെന്നും പിന്നീട് മമ്മൂട്ടിക്കമ്പനി നിര്‍മാണം ഏറ്റെടുത്തുവെന്നും വൈശാഖ് പറഞ്ഞു. 80 ദിവസത്തെ ഷൂട്ടും 20 കോടി ബജറ്റും എന്നാണ് മനസില്‍ കണ്ടതെന്നും എന്നാല്‍ പ്രതീക്ഷിച്ചതിലും 24 ദിവസം കൂടുതല്‍ ഷൂട്ട് ചെയ്യേണ്ടി വന്നെന്നും സംവിധായകന്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കോസ്റ്റ് മാത്രം 23.7 കോടിയായി എന്നും എന്നാല്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങിന് വേണ്ടി എത്രയാണ് ചെലവാക്കിയതെും മമ്മൂട്ടിയുടെ സാലി എത്രയായെന്ന് തനിക്കറിയില്ലെന്നും പ്രൊഡക്ഷന്‍ കമ്പനിക്ക് മാത്രമേ അക്കാര്യം അറിയുള്ളൂവെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘ടര്‍ബോയുടെ ആക്ച്വല്‍ ബജറ്റും ടോട്ടല്‍ കളക്ഷനും എനിക്കറിയില്ല. അത് മമ്മൂക്കക്ക് മാത്രമേ അറിയുള്ളൂ. കാരണം, പുള്ളിയാണല്ലോ ഈ സിനിമയുടെ പ്രൊഡ്യൂസര്‍. ബജറ്റിന്റെ കാര്യത്തില്‍ ഈ സിനിമ ആദ്യം പ്രൊഡ്യൂസ് ചെയ്യാന്‍ നിന്നത് ഞാനും മിഥുനും ഷമീറുമായിരുന്നു. ആ സമയത്ത് 20 കോടിക്ക് ഈ സിനിമ ചെയ്ത് തീര്‍ക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍.

പിന്നീട് മമ്മൂക്ക ഈ സിനിമ ഏറ്റെടുത്ത സമയത്തും ഓരോ ദിവസത്തെയും ചെലവ് എത്രയായെന്ന് അന്വേഷിക്കും. 80 ദിവസത്തെ ഷൂട്ടായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ മഴയും മറ്റ് ചില കാരണങ്ങളും കൊണ്ട് 104 ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. എന്റെ അറിവില്‍ ടര്‍ബോയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് മാത്രം 23.7 കോടിയായി. മാര്‍ക്കറ്റിങ്ങും മമ്മൂക്കയുടെ സാലറിയും എത്രയാണെന്ന് എനിക്കറിയില്ല,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh explains the budget of Turbo movie

We use cookies to give you the best possible experience. Learn more