|

ടര്‍ബോയില്‍ അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഇടിയുടെ പെരുന്നാള്‍ തീര്‍ത്തുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച ഫൈറ്റുകളിലൊന്നായിരുന്നു ക്ലൈമാക്‌സില്‍ വിയറ്റ്‌നാമീസ് ഫൈറ്റേഴ്‌സുമായുള്ള സംഘട്ടനം. എന്നാല്‍ അത്രയും മികച്ച ഫൈറ്റേഴ്‌സിനെ കിട്ടിയിട്ടും അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്.

അഞ്ച് ദിവസം ഷൂട്ട് ചെയ്യാന്‍ വിചാരിച്ചാണ് ഫോറിന്‍ ഫൈറ്റേഴ്‌സിനെ വിളിച്ചതെന്നും എന്നാല്‍ ടൈറ്റ് ഷെഡ്യൂളും അതിനിടയില്‍ വന്ന സാങ്കേതിക പ്രശ്‌നങ്ങളും കാരണം വിചാരിച്ച രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നും വൈശാഖ് പറഞ്ഞു. അതിന് മുമ്പും ശേഷവുമുള്ള എല്ലാ സീനുകളും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതിനാല്‍ ഒന്നര ദിവസം കൊണ്ട് ആ ഫൈറ്റ് ചെയ്ത് തീര്‍ക്കേണ്ടി വന്നെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘വിയറ്റ്‌നാമീസ് ഫൈറ്റേഴ്‌സിനെ വിചാരിച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. അത്രയും ബെസ്റ്റ് ആയിട്ടുള്ള ഫൈറ്റേഴ്‌സിനെയാണ് ഞങ്ങള്‍ ആ ആക്ഷന്‍ സീക്വന്‍സിന് വേണ്ടി കൊണ്ടുവന്നത്. പക്ഷേ കുറച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് വിചാരിച്ച ദിവസം ഇവിടെ എത്താന്‍ പറ്റിയില്ല. അത് എല്ലാ പ്ലാനും അവതാളത്തിലാക്കി.

കാരണം, ആ ഫൈറ്റിന് മുമ്പും ശേഷവുമുള്ള എല്ലാ സീനുകളും പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അവര്‍ വരാന്‍ ലേറ്റ് ആയപ്പോള്‍ ആ സീനുകള്‍ ചെറുതാക്കേണ്ടി വന്നു. ഒന്നര ദിവസം അവരുടെ സീനുകള്‍ ഷൂട്ട് ചെയ്ത് തീര്‍ത്തു. ഇപ്പോള്‍ കാണുന്നതിനെക്കാള്‍ കുറച്ചുകൂടി പവര്‍ പാക്ക്ഡ് ആയിട്ടുള്ള സീനുകളൊക്കെ ഉണ്ടായിരുന്നു, എല്ലാം മാറ്റേണ്ടി വന്നു,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh admits that he can’t use the maximum potential of Vietnamese fighters in Turbo movie