ഞങ്ങള്‍ എഴുതിയത് പോലെ ഒരു സീന്‍ ജയിലറിലും കണ്ടു, പിന്നീട് മൊത്തം മാറ്റിയെഴുതേണ്ടി വന്നു: വൈശാഖ്
Entertainment
ഞങ്ങള്‍ എഴുതിയത് പോലെ ഒരു സീന്‍ ജയിലറിലും കണ്ടു, പിന്നീട് മൊത്തം മാറ്റിയെഴുതേണ്ടി വന്നു: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd June 2024, 7:47 pm

തിയേറ്ററുകളില്‍ ഇടിയുടെ പെരുന്നാള്‍ തീര്‍ക്കുകയാണ് വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 60 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു.

ചിത്രത്തില്‍ വില്ലന്റെ സങ്കേതം ആദ്യം വിചാരിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നെന്നും ആ സമയത്ത് റിലീസ് ചെയ്ത രജിനി ചിത്രം ജയിലറില്‍ അതുപോലുള്ള സീന്‍ കണ്ടപ്പോള്‍ മാറ്റിയെഴുതേണ്ടി വന്നെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞു. ആദ്യത്തെ ഡ്രാഫ്റ്റ് എഴുതി തീര്‍ന്നപ്പോഴാണ് ജയിലര്‍ ഇറങ്ങിയതെന്നും, കോപ്പിയടിച്ചു എന്ന് ആളുകള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിയതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

താന്‍ മിഥുനുമായി സംസാരിച്ചപ്പോള്‍ തന്റെ മനസിലുണ്ടായിരുന്നത് ഒരു ത്രില്ലര്‍ സിനിമ ചെയ്യണമെന്നായിരുന്നെന്നും എന്നാല്‍ മിഥുന്‍ തന്നെ സമീപിച്ചത് ആക്ഷന്‍ സിനിമ ചെയ്യാനാണെന്നും വൈശാഖ് പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയ സമയത്ത് വില്ലന്റെ സങ്കേതം ഒരു കെമിക്കല്‍ ഫാക്ടറിയുടെ സെറ്റപ്പിലായിരുന്നു. ആ സമയത്താണ് രജിനികാന്തിന്റെ ജയിലര്‍ ഇറങ്ങിയത്. ആ സിനിമയില്‍ വില്ലന്റെ സങ്കേതം ഞങ്ങള്‍ എഴുതിവെച്ചത് പോലെയായിരുന്നു. അത് പിന്നീട് മാറ്റിയെഴുതേണ്ടി വന്നു. ഒരുപാട് ആലോചിച്ചിട്ടാണ് ട്യൂണ ഫാക്ടറിയാക്കിയത്.

അതുപോലെ ഈ സിനിമ ചെയ്യാന്‍ വേണ്ടി മിഥുന്‍ എന്റെയടുത്തേക്ക് വന്നപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് മിഥുന്റെ കൂടെ ഒരു ത്രില്ലര്‍ സിനിമ ചെയ്യാം എന്ന ചിന്തയായിരുന്നു. പക്ഷേ മിഥുന്റെ മനസില്‍ ഉണ്ടായിരുന്നത് ഒരു ആക്ഷന്‍ സിനിമ ചെയ്യണം എന്നായിരുന്നു. അവന്‍ പറഞ്ഞ കഥ എനിക്കിഷ്ടമായതുകൊണ്ട് എന്റെ ആഗ്രഹം മാറ്റിവെച്ച് ഈ സിനിമക്ക് വേണ്ടി ഇറങ്ങി,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh about the writing process of Turbo movie