Advertisement
Entertainment
പുലിമുരുകന് 15 കോടി കിട്ടുമോ എന്നായിരുന്നു ഞാന്‍ ആന്റണി ചേട്ടനോട് ചോദിച്ചത്: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 01, 09:52 am
Saturday, 1st June 2024, 3:22 pm

മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പ്രായഭേദമന്യേ മലയാളികള്‍ എല്ലാവരും ഏറ്റെടുത്തു. 100 കോടി എന്ന മാന്ത്രിക സംഖ്യ സ്വപ്‌നം മാത്രം കണ്ടുകൊണ്ടിരുന്ന മലയാളസിനിമയെ 100 കോടി ക്ലബ്ബില്‍ കയറ്റിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്.

പുലിമുരുകന്‍ റിലീസിന്റെ തലേന്ന് വരെ ചിത്രം ബ്രേക്ക് ഇവന്‍ ആകുമോ എന്നായിരുന്നു തന്റെ ചിന്തയെന്നും 15 കോടി എങ്ങനെ കളക്ട് ചെയ്യുമെന്ന് ഒരുപാട് ചിന്തിച്ചുവെന്നും വൈശാഖ് പറഞ്ഞു. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്. 15 കോടിക്ക് മേലെ ഒരു രൂപ നേടിയാല്‍ താന്‍ രക്ഷപ്പെട്ടു എന്ന് വിചാരിച്ചുവെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

‘പുലിമുരുകന്‍ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെ എനിക്ക് ടെന്‍ഷനായിരുന്നു. ഞാന്‍ അതുവരെ ചെയ്തതില്‍ ഏറ്റവും ബജറ്റുള്ള സിനിമയായിരുന്നു അത്. 15 കോടി വേണം പുലിമുരുകന്‍ ബ്രേക്ക് ഇവന്‍ ആവാന്‍. 15 കോടിക്ക് മേലെ ഒരു രൂപ കിട്ടിയാല് ഞാന്‍ രക്ഷപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാനപ്പോള്‍ ചിന്തിച്ചിട്ടില്ല. ആന്റണി ചേട്ടന്‍ ആ സമയത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. പുള്ളിയോട് ഞാന്‍ ചോദിച്ചു, ‘ആന്റണി ചേട്ടാ, പടത്തിന് 15 കോടിയോങ്കിലും കിട്ടുമോ’ എന്ന്. ‘നമുക്ക് നോക്കാം അണ്ണാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി.

ആ 15 കോടി കിട്ടി എന്നറിഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. അതിന് മുകളില്‍ കിട്ടുന്ന കളക്ഷന്‍ ഒന്നും എന്നെ ബാധിച്ചിട്ടില്ല. ഇപ്പോഴും അതുപോലെ തന്നെ. പ്രൊഡ്യൂസര്‍ മുടക്കിയ പൈസയെക്കാള്‍ കുറച്ചുകൂടി അധികം കളക്ഷന്‍ കിട്ടണമെന്നേ എനിക്ക് ഉള്ളൂ. ബാക്കിയുള്ള കോടി ക്ലബ്ബൊന്നും എന്നെ ബാധിക്കില്ല. ബാധിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh about the memories of Pulimurugan