Entertainment
മമ്മൂക്കയെയും ഫാന്‍സിനെയും പിണക്കാന്‍ പറ്റാത്തുകൊണ്ടാണ് അങ്ങനെ ചെയ്തത്: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 31, 04:08 pm
Friday, 31st May 2024, 9:38 pm

തിയേറ്ററുകളില്‍ ഇടിയുടെ പെരുമഴ തീര്‍ത്ത് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോളതലത്തില്‍ 60 കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്തു. മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ടര്‍ബോ ജോസ് എന്ന ഡ്രൈവറായാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത്. തിയേറ്ററില്‍ ഏറ്റവുമധികം കൈയടി കിട്ടിയ പള്ളിപ്പെരുന്നാള്‍ ഫൈറ്റിലെ ഷോട്ടിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ മമ്മൂട്ടി സമ്മതിക്കില്ലെന്നും ഫാന്‍സിന് ആ ടൈറ്റില്‍ വേണമെന്ന് മെസ്സേജയച്ച് പറയാറുണ്ടെന്നും വൈശാഖ് പറഞ്ഞു. മമ്മൂട്ടി പോലും അറിയാതെ പള്ളിപ്പെരുന്നാള്‍ ഫൈറ്റിനിടയില്‍ മെഗാസ്റ്റാര്‍ ഷോ എന്ന ടൈറ്റില്‍ ഉപയോഗിച്ചെന്നും മമ്മൂട്ടി അത് കാണാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തെ തിരിച്ച് നിര്‍ത്തിയാണ് ആ ഷോട്ടെടുത്തതെന്നും വൈശാഖ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ സിനിമയിലുപയോഗിക്കാന്‍ മമ്മൂക്ക ഒരിക്കലും സമ്മതിക്കില്ല. പുള്ളിയോട് ചോദിച്ചാല്‍ അതൊന്നും വേണ്ട എന്നേ പറയൂ. മധുരരാജയിലൊന്നും അത് ഉപയോഗിച്ചിട്ടില്ല. ടര്‍ബോ ഷൂട്ട് തുടങ്ങിയ സമയത്ത് ഈ കാര്യം മമ്മൂക്കയോട് ചോദിക്കാന്‍ പോയതേയില്ല. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നതുകൊണ്ട് അതിന് ഒരു ചാന്‍സും ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ ഫാന്‍സ് അസോസിയേഷനിലുള്ളവര്‍ എല്ലാ ദിവസവും മെസ്സേജ് അയച്ച് പറയും, എങ്ങനെയെങ്കിലും മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കണമെന്ന്. രണ്ട് പേരെയും പിണക്കാന്‍ പറ്റാത്തതുകൊണ്ട് സിനിമയില്‍ അങ്ങനെ ചെയ്തത്.

ഞാന്‍ നോക്കിയിട്ട് ആ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മമ്മൂക്ക ഈ കാര്യം അവസാനമാണ് അറിഞ്ഞത്. പള്ളിപ്പെരുന്നാളിന്റെ സെറ്റില്‍ ‘മെഗാസ്റ്റാര്‍ ഷോ’ എന്ന് എഴുതിയ ഭാഗത്ത് മാത്രം ലൈറ്റ് ഓഫ് ചെയ്ത് വെച്ചു. ഷോട്ടെടുക്കുന്ന സമയത്താണ് ആ ലൈറ്റിട്ടത്. മമ്മൂക്ക തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് പുള്ളിക്ക് അത് കാണാനും പറ്റിയില്ല. ഷോട്ട് എടുത്ത ശേഷമാണ് മമ്മൂക്ക അത് കണ്ടത്. കണ്ട ഉടനെ എന്നെ നോക്കി, ഞാന്‍ പുള്ളിയെ നോക്കി കണ്ണടച്ചു കാണിച്ചു, വേറൊന്നും മമ്മൂക്ക പറഞ്ഞില്ല, ‘ വൈശാഖ് പറഞ്ഞു.

Content Highlight: Vyshakh about the megastar show sequence in Turbo