ടര്‍ബോ സിനിമ കണ്ടിറങ്ങിയ എല്ലാവരെയും കോരിത്തരിപ്പിച്ച സീനുകളിലൊന്നായിരുന്നു ചിത്രത്തിലെ ചെയ്‌സിങ് സീനുകള്‍. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗംഭീര സീനായിരുന്നു വൈശാഖ് ഒരുക്കിവെച്ചത്. എന്നാല്‍ ബജറ്റ് കൂടുമെന്ന പേടി കാരണം ആ സീന്‍ ആദ്യം വേണ്ടെന്ന് വെക്കാന്‍ ആലോചിച്ചിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ സിനിമയുടെ എഡിറ്ററായിരുന്ന ഷമീര്‍ മുഹമ്മദാണ് ചെയ്‌സിങ് സീനിന് വേണ്ടി നിര്‍ബന്ധം പിടിച്ചതെന്ന് വൈശാഖ് പറഞ്ഞു. എല്ലാ ഷോട്ടുകളും പ്രീ പ്ലാന്‍ ചെയ്ത് എവിടെ കട്ട് ചെയ്യണം, എങ്ങനെ എടുക്കണം എന്നുള്ള കാര്യങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി തനിക്ക് തന്നതുകൊണ്ടാണ് ആ സീന്‍ അത്ര ഗംഭീരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.
‘ആ ചെയ്‌സിങ് ആദ്യം മുതലേ സ്‌ക്രിപ്റ്റിലുണ്ടായിരുന്നെങ്കിലും എടുക്കണോ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. കാരണം, ഒരുപാട് റിസ്‌കുള്ള ഐറ്റമാണ്. ആ സീന്‍ എടുക്കാന്‍ നിന്നാല്‍ ബജറ്റ് നല്ലവണ്ണം കൂടും. ആ സീന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ ഫ്രണ്ടും ഈ സിനിമയുടെ എഡിറ്ററുമായ ഷമീര്‍ ‘ആ സീനില്ലാതെ നടക്കില്ല എന്ന് പറഞ്ഞ് നിര്‍ബന്ധം പിടിച്ചു.
അവന് ഇങ്ങനെയുള്ള സീനുകള്‍ കട്ട് ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ഇത് വലിയ റിസ്‌കുള്ള പരിപാടിയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ആ സീക്വന്‍സ് എങ്ങനെ എടുക്കണമെന്നുള്ളതിന് കുറെ സജഷന്‍ തന്നു. ഓരോ കട്ടും എങ്ങനെ വേണമെന്ന് പ്രീ പ്ലാന്‍ ചെയ്ത് ഒരു വീഡിയോ രൂപത്തില്‍ എനിക്ക് കാണിച്ചു തന്നു. ആ ഒരു ധൈര്യത്തിലാണ് ഞാനാ ചെയ്‌സിങ് സീന്‍ ഷൂട്ട് ചെയ്തത്,’ വൈശാഖ് പറഞ്ഞു.
Content Highlight: Vyshakh about the chasing scene in Turbo movie