മലയാളികള്‍ക്ക് മികച്ച കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് വൈശാഖ്. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പോക്കിരി രാജ, സീനിയേര്‍സ്, പുലിമുരുകന്‍, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്ഷ്യല്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് സ്വന്തമാക്കാന്‍ വൈശാഖിന് സാധിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനായി എത്തിയ സിനിമയുടെ തിരക്കഥ എഴുതിയത് മിഥുന്‍ മാനുവല്‍ തോമസായിരുന്നു. തനിക്ക് മുഴുനീള ത്രില്ലര്‍ ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്. സിനിമാപ്രാന്തന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മിഥുന്‍ ത്രില്ലര്‍ സിനിമയില്‍ എക്‌സ്‌പേര്‍ട്ടാണ്. മിഥുനെ ആദ്യമായി കാണുമ്പോള്‍ എന്റെ ആഗ്രഹം ഒരു ത്രില്ലര്‍ സിനിമ ചെയ്യണം എന്നതായിരുന്നു. അതേസമയം ഒരുപാട് ത്രില്ലര്‍ സിനിമകള്‍ ചെയ്ത മിഥുനിന്റെ ആഗ്രഹം ഒരു മാസ് സിനിമ ചെയ്യുക എന്നതായിരുന്നു. അങ്ങനെയാണ് ത്രില്ലറില്‍ നിന്ന് മാസ് സിനിമയിലേക്ക് മാറിയത്. ത്രില്ലര്‍ എഴുതുന്ന സ്ഥിതിക്ക് ഇനി മാസ് ആകാം എന്ന തീരുമാനത്തിലാണ് അത്. നമ്മള്‍ എല്ലാ ഴോണറിലും സിനിമ ചെയ്യണമല്ലോ.
ഞാന്‍ കുറച്ചെങ്കിലും ത്രില്ലര്‍ സ്വഭാവമുള്ള സിനിമ ചെയ്തിട്ടുള്ളത് സീനിയേഴ്‌സാണ്. അപ്പോഴും അത് ഒരു മുഴുനീള ത്രില്ലറാണെന്ന് പറയാന്‍ പറ്റില്ല. ഒരു എന്റര്‍ടൈമെന്റ് കോമഡി എലമെന്റുള്ള സിനിമയാണ്. പിന്നെ കുറച്ച് ത്രില്‍ അതില്‍ ഉണ്ടെന്നേയുള്ളു. മുഴുനീള ത്രില്ലര്‍ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയുള്ള ഒരു പ്രോപ്പര്‍ പരിപാടി കിട്ടിയാല്‍ ഉറപ്പായും ഞാന്‍ ചെയ്യും. അതിന് മിഥുനിനെ തന്നെ അപ്രോച്ച് ചെയ്യുമോയെന്ന് ചോദിച്ചാല്‍, ടര്‍ബോയുടെ ഭാഗമായുള്ള യാത്രയില്‍ ഞങ്ങള്‍ തമ്മില്‍ വളരെ നല്ലയൊരു ആത്മബന്ധം ഉണ്ടായിട്ടുണ്ട്.