| Friday, 7th June 2024, 2:43 pm

നിങ്ങള്‍ മൂന്ന് പേരുടെയും വീട് വിറ്റാല്‍ പോലും ഈ പടം നിങ്ങളെക്കൊണ്ട് പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞു: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച രീതിയില്‍ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 80 കോടിക്കടുത്ത് കളക്ട് ചെയ്തുകഴിഞ്ഞു. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിച്ച സിനിമ കൂടിയാണ് ടര്‍ബോ. താനും മിഥുന്‍ മാനുവല്‍ തോമസും, എഡിറ്റര്‍ ഷമീര്‍ മുഹമ്മദും കൂടിയാണ് ടര്‍ബോ നിര്‍മിക്കാന്‍ ആലോചിച്ചതെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു.

ചിത്രത്തിന്റെ കഥ മമ്മൂട്ടിയുടെ അടുത്ത് പറയാന്‍ പോകുന്ന സമയത്തും തങ്ങള്‍ തന്നെ നിര്‍മിക്കുമെന്ന് തന്നെയായിരുന്നു ഉദ്ദേശിച്ചതെന്നും കഥ കേട്ട ശേഷം ഇതാര് പ്രൊഡ്യൂസ് ചെയ്യുമെന്ന് മമ്മൂട്ടി ചോദിച്ചുവെന്നും വൈശാഖ് പറഞ്ഞു. തങ്ങളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു പേരുടെയും വീട് വിറ്റാല്‍ പോലും ഇത് പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ഫൈനലൈസ് ചെയ്തപ്പോള്‍ ഞാനും മിഥുന്‍ മാനുവലും, എഡിറ്റര്‍ ഷമീര്‍ മുഹമ്മദും ചേര്‍ന്ന് പ്രൊഡ്യൂസ് ചെയ്യാം എന്നായിരുന്നു പ്ലാന്‍. ആ ഒരു ചിന്തയില്‍ തന്നെയായിരുന്നു മമ്മൂക്കയുടെ അടുത്ത് പോയതും. കഥ കേട്ട ശേഷം മമ്മൂക്ക ചോദിച്ചത് ഇത് ആര് പ്രൊഡ്യൂസ് ചെയ്യുമെന്നാണ്. ഞാനും, മിഥുനും ഷമീറും കൂടിയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഞങ്ങളെ കളിയാക്കി.

‘നിങ്ങള്‍ മൂന്ന് പേരുടെയും വീട് വിറ്റാല്‍ പോലും ഈ പടം ചെയ്ത് തീര്‍ക്കാന്‍ പറ്റില്ല’ എന്നാണ് മമ്മൂക്ക പറഞ്ഞത്. അപ്പോഴും പുള്ളി പ്രൊഡ്യൂസ് ചെയ്യുമെന്ന് ഞങ്ങളോട് പറഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞ് മമ്മൂക്ക ഞങ്ങളെ വിളിച്ചിട്ട് ഇത് ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. പിന്നീട് ഞങ്ങളൊക്കെ വിചാരിച്ചതുപോലെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പടം ചെയ്തുതീര്‍ക്കാന്‍ പറ്റി,’ വൈശാഖ് പറഞ്ഞു.

Content Highlight: Vyshak explains how Mammootty ready to produce Turbo movie

We use cookies to give you the best possible experience. Learn more