ടര്‍ബോ സിനിമ കണ്ട എല്ലാവരും എടുത്തു പറയുന്ന കാര്യമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. 73ാം വയസിലും ഇത്ര മികച്ചരീതിയില്‍ ആക്ഷന്‍ ചെയ്യുന്ന മമ്മൂട്ടിയെ എല്ലാവരും അഭിനന്ദിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിനിടെ മമ്മൂട്ടിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.
സ്റ്റണ്ട് ആര്‍ട്ടിസ്റ്റിനെ വലിക്കാന്‍ ഉപയോഗിച്ച റോപ്പിന്റെ ഡയറക്ഷന്‍ മാറി ആ ആര്‍ട്ടിസ്റ്റ് മമ്മൂട്ടിയെ പോയി ഇടിക്കുകയും, ബാലന്‍സ് തെറ്റിയതുകൊണ്ട് മമ്മൂട്ടി ഒരു ടേബിളില്‍ പോയി തലയിടിച്ചു വീണുവെന്നും വൈശാഖ് പറഞ്ഞു.
സെറ്റിലുണ്ടായിരുന്ന എല്ലാവരും ആ സമയത്ത് ഞെട്ടിയെന്നും താന്‍ മമ്മൂട്ടിയെ പിടിച്ചെഴുന്നേല്പിക്കാന്‍ നേരത്ത് തന്റെ കൈ വിറക്കുകയായിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാല്‍ അതിന് ശേഷവും മമ്മൂട്ടി പഴയ അതേ എനര്‍ജിയോടെ ഷൂട്ട് തുടര്‍ന്നുവെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയില്‍ മമ്മൂക്കക്ക് ഒരുപാട് അപകടം പറ്റിയിട്ടുണ്ട്. അതിലൊരെണ്ണം സെറ്റിലെല്ലാവരെയും പേടിപ്പിച്ച ഒന്നായിരുന്നു. ഒരു ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്യുമ്പോഴായിരുന്നു അത്. ഒരു ആര്‍ട്ടിസ്റ്റിനെ കാലില്‍ പിടിച്ച് വലിച്ച് വിട്ട ശേഷം മമ്മൂക്ക നടന്നുവരുന്ന ഷോട്ടായിരുന്നു അത്.
അയാളെ റോപ്പ് വെച്ച് വലിക്കുമ്പോള്‍ മമ്മൂക്ക നടന്നു പോകുന്നതിന്റെ ബാക്ക് ഷോട്ടായിരുന്നു എടുക്കാന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ റോപ്പ് വലിച്ചപ്പോള്‍ അതിന്റെ ഡയറക്ഷന്‍ മാറിപ്പോയി. അയാള്‍ നേരെ മമ്മൂക്കയുടെ മേലെ ചെന്നിടിച്ചു.
മമ്മൂക്ക ബാലന്‍സ് തെറ്റി കറങ്ങി ചെന്ന് ടേബിളില്‍ തലയിടിച്ച് വീണു, ഞാനടക്കം സെറ്റിലുള്ള എല്ലാവരും ഞെട്ടിപ്പോയി. ഞാന്‍ പെട്ടെന്ന് മമ്മൂക്കയുടെ അടുത്തേക്ക് ഓടിപ്പോയി. പുള്ളിയെ പിടിച്ചെഴുന്നേല്പിക്കാന്‍ നോക്കി. ആ സമയത്ത് എന്റെ കൈ വിറക്കുകയായിരുന്നു.
മമ്മൂക്ക എഴുന്നേറ്റ ശേഷം ഓക്കെയാണോ എന്ന് ഞാന്‍ ചോദിച്ചു. ഒരു കുഴപ്പവും പറ്റാത്തതു പോലെയാണ് പുള്ളി നടന്നത്. അങ്ങനെ ഒരുപാട് അപകടങ്ങള്‍ പുള്ളിക്ക് പറ്റിയിട്ടുണ്ട്,’ വൈശാഖ് പറഞ്ഞു.
Content Highlight: Vyshaakh about the accident happened to Mammootty during Turbo shooting