മോണ്‍സ്റ്റര്‍ സോംബി സിനിമയല്ല, കൂടുതല്‍ വിവരങ്ങള്‍ പറയാത്തതിന് കാരണമുണ്ട്: വൈശാഖ്
Entertainment news
മോണ്‍സ്റ്റര്‍ സോംബി സിനിമയല്ല, കൂടുതല്‍ വിവരങ്ങള്‍ പറയാത്തതിന് കാരണമുണ്ട്: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 2:50 pm

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യാന്‍ സമയമെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. അതാണ് റിലീസ് വൈകുന്നതിന് ഒരു കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കെയാണ് വൈശാഖ് മോണ്‍സ്റ്ററിനെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും മറ്റുമായി ഒമ്പത് മാസം കഴിഞ്ഞു. സെപ്റ്റംബര്‍ 30 ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മോണ്‍സ്റ്റര്‍ മലയാളത്തില്‍ നിന്നുള്ള സോംബി സിനിമയായിരിക്കും എന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ ഒരു ത്രില്ലര്‍ ആയിരിക്കുമെന്നും സിനിമയെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നും സംവിധായകന്‍ വ്യക്തമാക്കി.

പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിങ്ങിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണമതാണ് എന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

ഉദയ്കൃഷ്ണയാണ് മോണ്‍സ്റ്ററിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെയും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക.

ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ലക്കിസിങ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Vysakh says about Mohanlal’s new movie Monster