| Saturday, 17th March 2018, 12:37 am

'പ്രിയ മാതൃഭൂമീ, നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്'; മാതൃഭൂമിയുടെ ചലച്ചിത്ര നിരൂപണത്തിനെതിരെ ആഞ്ഞടിച്ച് വൈശാഖും ഉദയകൃഷ്ണയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമിയുടെ ചലച്ചിത്ര നിരൂപണത്തിനെതിരെ വൈശാഖും ഉദയകൃഷ്ണയും. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച് സൈജു എസ് സംവിധാനം ചെയ്ത “ഇര” എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സും സസ്‌പെന്‍സും വിവരിച്ചു കൊണ്ട് നിരൂപണം എഴുതിയതിനെതിരെയാണ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വൈശാഖിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടേയും പ്രതികരണം.

“പ്രിയ മാതൃഭൂമീ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വൈശാഖിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിരൂപണത്തെ കുറിച്ച് രണ്ടുവാക്ക് പറയാതെ തരമില്ല. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ, നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ് എന്ന് മാതൃഭൂമിയോട് നിര്‍മ്മാതാക്കള്‍ പറയുന്നു.


Also Read: തളിപ്പറമ്പിന്റെ ജലസംഭരണിയെ കല്ലിട്ടുമൂടരുത്; കീഴാറ്റൂര്‍ സമരത്തിനു പിന്തുണയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് 


“ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃശൂന്യത്വമാണ്… നിങ്ങളുടെ വിമര്‍ശനം (ആക്രമണം) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്… (ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല)” -ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത് ഇങ്ങനെ.

വലിയൊരു സംസ്‌കാരമായിരുന്നു മാതൃഭൂമിയെന്നും, അക്ഷരങ്ങളുടെ അന്തസിന് അപമാനമാകുന്നവരെ ജോലിക്കു വെച്ച് വലിയ പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുതെന്നും ഇതൊരു അപേക്ഷയായി കാണണമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

“ഇരകളാകുന്ന പ്രേക്ഷകര്‍” എന്ന തലക്കെട്ടില്‍ റസീം അഹ്ബാനാണ് മാതൃഭൂമിയില്‍ ഇരയുടെ നിരൂപണം എഴുതിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ മാതൃഭൂമി …
ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു .
രണ്ടു വാക്കുകള്‍ പറയാതെ തരമില്ല …
ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ ..
നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ് …
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ
ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം
പിതൃ ശൂന്യത്വമാണ് …
നിങ്ങളുടെ വിമര്‍ശനം ( ആക്രമണം )
ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത് …
(ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല )
കുട്ടിക്കാലത്തു ,
പത്രം വായിക്കണമെന്നും
പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും
പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള
ബഹുമാനം കൊണ്ട് പറയുകയാണ് …
ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ് …
ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത
വലിയൊരു സംസ്‌കാരമായിരുന്നു
മാതൃഭൂമി …
അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ
ജോലിക്കു വച്ചു
വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് …
ഇതൊരു അപേക്ഷയായി കാണണം …

സ്‌നേഹപൂര്‍വം
വൈശാഖ് .
ഉദയകൃഷ്ണ.

Latest Stories

We use cookies to give you the best possible experience. Learn more