കോഴിക്കോട്: ഇര എന്ന സിനിമയുടെ ക്ലൈമാക്‌സും സസ്‌പെന്‍സും വിവരിച്ചുകൊണ്ടുള്ള മാതൃഭൂമിയുടെ ചലച്ചിത്ര നിരൂപണത്തിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു സംവിദായകന്‍ വൈശാഖ് രംഗത്തെത്തിയത്. മാതൃഭൂമി കാണിച്ചത് ഷണ്ഡത്വമാണ് എന്നായിരുന്നു വൈശാഖിന്റെ പ്രതികരണം. ഇതിന് പിന്നാലെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് അലക്‌സാണ്ടറും രംഗത്തെത്തി.
ഇന്ന് മുതല്‍ മാതൃഭൂമി പത്രത്തെ ടോയ്‌ലറ്റ് പേപ്പറാക്കി ഉപയോഗിക്കാന്‍ പോകുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിയലൂടെ രംഗത്തെത്തിയത്. വീഡിയോ വൈശാഖ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഏത് പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനവും ഉണ്ടാകും എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തത്.
Related News ‘പ്രിയ മാതൃഭൂമീ, നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്’; മാതൃഭൂമിയുടെ ചലച്ചിത്ര നിരൂപണത്തിനെതിരെ ആഞ്ഞടിച്ച് വൈശാഖും ഉദയകൃഷ്ണയും
ഒരു പുതിയ സംസ്‌ക്കാരത്തിന് ഞാനിന്ന് തുടക്കം കുറിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രശാന്തിന്റെ വീഡിയോ ആരംഭിക്കുന്നത്. “”ബാത്‌റൂമില്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെയാണ് തീരുമാനിച്ചത്. പക്ഷേ അതുകൊണ്ട് അത് വാങ്ങിച്ചുവെക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അതിനേക്കാള്‍ നല്ല സാധനം ഉണ്ട് എന്ന് പൊതുവെ എല്ലാവരും പറഞ്ഞറിഞ്ഞതുകൊണ്ട് ഞാന്‍ ഇത് ഉപയോഗിക്കുന്നു”” എന്ന് പറഞ്ഞാണ് കൈയില്‍ കരുതിയ മാതൃഭൂമി പത്രം പ്രശാന്ത് ഉയര്‍ത്തിക്കാട്ടുന്നത്.
“”ഇന്ന് മുതല്‍ ഇതാണ് എന്റെ ടോയ്‌ലറ്റ് പേപ്പര്‍. ഈ പത്രത്തിന്റെ ആദ്യത്തെ വാക്ക് ഞാന്‍ കാണിക്കുന്നില്ല. കാരണം അതില്‍ അമ്മ എന്നതിന്റെ അര്‍ത്ഥം വരും. ഇതുമായി ഞാന്‍ എന്റെ പുതിയ സംസ്‌ക്കാരത്തിന് തുടക്കം കുറിക്കുകയാണ്. ഇതുവെച്ച് തുടയ്ക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ സ്‌കിന്‍ പ്രോബ്ലംസ് ഉണ്ടാകുമോ എന്നതുമാത്രമാണ് ആകെ ഉള്ളൊരു ടെന്‍ഷന്‍. പക്ഷേ ഇര എന്ന സിനിമയ്ക്ക് വേണ്ടി, മലയാള സിനിമയ്ക്ക് വേണ്ടി ആ ആരോഗ്യപ്രശ്‌നം ഏറ്റെടുക്കാനും ഞാന്‍ തയ്യാറാണ്””- എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ, നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ് എന്നായിരുന്നു മാതൃഭൂമിയോട് സിനിമയുടെ നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
“ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സും സസ്‌പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃശൂന്യത്വമാണ്… നിങ്ങളുടെ വിമര്‍ശനം (ആക്രമണം) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്… (ടോയ്ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല)” -എന്നായിരുന്നു വൈശാഖും ഉദയകൃഷ്ണയും ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.