കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി അന്ന ബെന്‍. വൈപ്പിന്‍ കരയിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാണ് അന്ന ബെന്നിന്റെ കത്ത്.
വൈപ്പിന്‍ കരയില്‍ പാലം വന്നിട്ടും ബസുകള്‍ വന്നിട്ടും വൈപ്പിന്‍ കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണെന്നും തങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാനെന്നും അന്ന ബെന്‍ കത്തില്‍ പറയുന്നു.
വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം നേടിയെടുക്കുന്നതിനായി വൈപ്പിന്‍ നിവാസികള്‍ കഴിഞ്ഞ 18 വര്‍ഷമായി നിരന്തര സമരത്തിലാണ്. വൈപ്പിന്‍ ബസുകള്‍ക്ക് നഗരപ്രവേശം അനുവദിക്കണോ എന്ന കാര്യത്തില്‍ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നഗരപ്രവേശത്തിന് അനുകൂലമാണെന്ന് അറിയുന്നു. ഉറച്ച തീരുമാനങ്ങളെടുക്കുവാന്‍ കഴിവുമുള്ള മുഖ്യമന്ത്രി നിയമത്തിന്റെ നൂലാമാലകള്‍ നിഷ്പ്രയാസം മാറ്റാന്‍ തയ്യാറാകണമെന്നും അന്ന ബെന്‍ ആവശ്യപ്പെടുന്നു.
അന്ന ബെന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്, വൈപ്പിന്‍ കരയെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് ഞങ്ങളുടെ മുന്‍തലമുറകളുടെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാലത്ത് അങ്ങനൊരു സ്വപ്നത്തിന്റെ വിത്ത് വൈപ്പിന്‍കരയുടെ മനസ്സില്‍ പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരന്‍ അയ്യപ്പന്‍. വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് 18 വര്‍ഷങ്ങള്‍ തികഞ്ഞു.
പാലങ്ങള്‍ വന്നാല്‍, അഴിമുഖത്തുകൂടിയുള്ള അപകടം തുറിച്ചുനോക്കുന്ന യാത്രയില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സില്‍ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു.
പാലം വന്നു, ബസുകളും വന്നു. പക്ഷേ വൈപ്പിന്‍ കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസ്സിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുവാന്‍. സെന്റ് തെരേസാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് ഞാനും അനുഭവിച്ചതാണ്.