കോഴിക്കോട്: യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന്‍ സ്വന്തം കട തുറന്നില്ല. കോഴിക്കോട് മിഠായി തെരുവില്‍ പ്രവര്‍ത്തിക്കുന്ന തന്റെ കടയടച്ചാണ് കട തുറക്കാന്‍ ആഹ്വാനം നടത്തിയ നേതാവ് “മാതൃകയായത്”.
കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കടയടച്ചിട്ടപ്പോള്‍ മിഠായിത്തെരുവിലെ മറ്റുവ്യാപരാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. ഇന്നലെയായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഇദ്ദേഹം സമിതി അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ആരംഭിച്ചതോടെ സ്വന്തം സ്ഥാപനം പോലും പ്രവര്‍ത്തിപ്പിക്കാന്‍ നേതാവ് തയ്യാറായില്ല. കടതുറക്കുമെന്ന് പ്രഖ്യാപിച്ച് പിന്മാറിയ നസുറുദ്ദീന്റെ കടയിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കടയുടെ ഷട്ടറിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും ചെയ്തു.
പോസ്റ്റര്‍ പതിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ നസുറുദ്ദീന്‍ വ്യാപാരി സമൂഹത്തിന് നാണക്കേടാണെന്നു പരിഹാസിക്കുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്ക് പൊലീസ് സഹായം നല്‍കുമെന്ന് ഇന്നലെ ജില്ല പൊലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും ഇതിനൊന്നും തയ്യാറാകാതെ പ്രഖ്യാപനം നടത്തി പിന്മാറുകയായിരുന്നു നസുറുദ്ദീന്‍.