വ്യാപം അഴിമതി; വീണ്ടും ദുരൂഹമരണം
Daily News
വ്യാപം അഴിമതി; വീണ്ടും ദുരൂഹമരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2015, 6:02 pm

vyapam-1
ഒഡീഷ: വ്യാപം അഴിമതിക്കേസില്‍ വീണ്ടും ദുരൂഹ മരണം. അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്ന രണ്ട് പ്രവേശനപരീക്ഷകളുടെ നിരീക്ഷകനായിരുന്ന വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് ഒഡീഷയിലെ ഝാര്‍സുഗുഡയിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഐ.എഫ്.എസ് ഓഫീസറായി വിരമിച്ചയാളാണ്.

പുരിയില്‍ നിന്നും ഭോപ്പാലിലേയ്ക്ക് പുരിജോധ്പൂര്‍ എക്‌സ്പ്രസില്‍ ഭാര്യയോടൊപ്പം യാത്ര ചെയ്ത വിജയ് ബഹാദൂറിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1978ലെ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥരുടെ സമാഗമത്തില്‍ പങ്കെടുക്കാനായിരുന്നു ഇവര്‍ പുരിയിലെത്തിയിരുന്നത്. കംപാര്‍ട്ട്‌മെന്റിന്റെ വാതിലടയ്ക്കാന്‍ പോയ വിജയ് ബഹാദൂര്‍ പിന്നീട് തിരിച്ചുവന്നില്ല എന്നാണ് ഭാര്യ നിത സിങ് മൊഴി നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പട്ടേല്‍ പറഞ്ഞു.

അതേസമയം ഓടുന്ന ട്രെയിനില്‍ നിന്നും വീണതാണ് മരണകാരണമെന്ന് ഡി.വൈ.എസ്.പി: ദിലീപ് ബാഗ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്ക് അഴിമതിയിലൂടെ അനധികൃത നിയമനം നടത്തിയതിന്റെയും ഇതിലുള്‍പ്പെട്ട പലരെയും ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടതിന്റെയും പേരിലായിരുന്നു വ്യാപം കേസ് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. അഴിമതിയിലുള്‍പ്പെട്ട അമ്പോതോളം പേരാണ് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മദ്ധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. പരീക്ഷകളിലും നിയമനങ്ങളിലും തട്ടിപ്പിലൂടെ കോടികള്‍ സ്മ്പാദിച്ചു എന്നാണ് കേസ്.

ഗവണ്‍മെന്റിലെ ഉന്നതോദ്യോഗസ്ഥരും, വ്യവസായികളും, രാഷ്ട്രീയക്കാരും വരെ ഈ കേസില്‍ ആരോപണവിധേയരാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്വരാജ് സിങ് ചൗഹാനടക്കമുള്ളവര്‍ ഇതില്‍പ്പെടുന്നു. 1990കളുടെ മദ്ധ്യത്തിലാണ് അഴിമതി ആരംഭിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്.