ലക്‌നൗ: വ്യാപം അഴിമതിക്കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ റെയ്ഡ് മദ്ധ്യപ്രദേശ് ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി നടന്നു. 40 ഇടങ്ങളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. മദ്ധ്യപ്രദേശിലെ ഭോപാല്‍, ഇന്‍ഡോര്‍, രേവ, ജബല്‍പൂര്‍ എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ലക്‌നൗ, അലഹബാദ് എന്നിവിടങ്ങളിലുമായിരുന്നു പരിശോധന. ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ കേസുമായി ബന്ധപ്പെട്ട് തടവില്‍ക്കഴിയുന്നത്.
വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്ക് അഴിമതിയിലൂടെ അനധികൃത നിയമനം നടത്തിയതിന്റെയും ഇതിലുള്‍പ്പെട്ട പലരെയും ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടതിന്റെയും പേരിലായിരുന്നു വ്യാപം കേസ് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. മദ്ധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. പരീക്ഷകളിലും നിയമനങ്ങളിലും തട്ടിപ്പിലൂടെ കോടികള്‍ സ്മ്പാദിച്ചു എന്നാണ് കേസ്.
ഗവണ്‍മെന്റിലെ ഉന്നതോദ്യോഗസ്ഥരും, വ്യവസായികളും, രാഷ്ട്രീയക്കാരും വരെ ഈ കേസില്‍ ആരോപണവിധേയരാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്വരാജ് സിങ് ചൗഹാനടക്കമുള്ളവര്‍ ഇതില്‍പ്പെടുന്നു. 1990കളുടെ മദ്ധ്യത്തിലാണ് അഴിമതി ആരംഭിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്.
ആരുടെയൊക്കെ വസതികളും ഓഫീസുകളും റെയ്ഡ് നടത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ലെങ്കിലും മദ്ധ്യപ്രദേശ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മന്ത്രി ലക്ഷ്മികാന്ത് ശര്‍മ്മയുടെ വിദിഷയിലുള്ള വീട്ടില്‍ റെയ്ഡ് നടന്നതായാണ് സൂചന.