വ്യാപത്തില്‍ ഇന്നു മുതല്‍ സി.ബി.ഐ അന്വേഷണം
Daily News
വ്യാപത്തില്‍ ഇന്നു മുതല്‍ സി.ബി.ഐ അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2015, 8:52 am

vyapam
ന്യൂദല്‍ഹി: വ്യാപം നിയമന തട്ടിപ്പ് കേസില്‍ ദുരൂഹമരണങ്ങള്‍ ഉള്‍പ്പടെയുള്ള സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം ഇന്നാരംഭിക്കും. അന്വേഷണത്തിനായി 40 അംഗ സി.ബി.ഐ സംഘം ഇന്ന് മധ്യപ്രദേശിലെത്തും. കഴിഞ്ഞ ദിവസം സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോയന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത്.

അതേ സമയം വ്യാപം നിയമനത്ത തട്ടിപ്പ്, അഴിമതി എന്നിവയില്‍ നിലവില്‍ 13ഓളം പ്രത്യേക അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. വ്യാപത്തിന് കീഴിലുള്ള മുഴുവന്‍ കേസുകളും സി.ബി.ഐ ഏറ്റെടുത്ത സാഹചര്യത്തില്‍ ഈ കേസന്വേഷണങ്ങളുടെ ഭാവി വ്യക്തമല്ല.

ജുലൈ 24ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണം സംബന്ധിച്ച് 24ാം തിയ്യതി സി.ബി.ഐ നിലപാടറിയിക്കും.

നേരത്തെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കൊണ്ടുള്ള  ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. സുപ്രീം കോടതി മേല്‍നോട്ടം വഹിക്കാതെ അന്വേഷണം സുതാര്യമാകില്ലെന്നാണ് അഴിമതി പുറത്തുകൊണ്ട് വന്നവരുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്.

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 40 ഓളം ദുരൂഹമരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2800 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അഴിമതിയില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആരോപണ വിധേയരാണ്.