| Tuesday, 31st October 2017, 8:26 pm

വ്യാപം അഴിമതി; ശിവരാജ് സിങ് ചൗഹാനെതിരെ തെളിവില്ലെന്ന് സി.ബി.ഐ; 490 പേര്‍ക്കെതിരെ കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ തെളിവുകളൊന്നുമില്ലെന്ന് സി.ബി.ഐ. കേസില്‍ 490 പേര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലാണ് ശിവരാജ് സിങ് ചൗഹാനെതിരെ തെളിവുകളില്ലെന്ന് സി.ബി.ഐ പറയുന്നത്.


Also Read: 27 കാരന്റെ റൂമില്‍ നിന്നും കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍; യുവാവ് അറസ്റ്റില്‍


കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവിനെതിരെ യാതൊരു തെളിവുകളുമില്ലെന്ന് പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന കേന്ദ്ര അന്വേഷണ ഏജന്‍സി 490 പേരെ പ്രതിപട്ടികയില്‍ നിര്‍ത്തിയെന്നത് ശ്രദ്ധേയമാണ്.

ചൗഹാനെതിരെ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ (മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ്) എന്നതിന്റെ ഹിന്ദി ഭാഷയിലെ ചുരുക്കപ്പേരാണ് വ്യാപം. പരീക്ഷകളിലും നിയമനങ്ങളിലും തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചു എന്നാണ് കേസ്.

മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള നിയമനവും വിദ്യാഭ്യാസ പ്രവേശനവും നിര്‍ണയിക്കുന്ന വ്യാവസായിക് പരീക്ഷാ മണ്ഡലുമായി ബന്ധപ്പെട്ട നിയമന, പ്രവേശന കുംഭകോണം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് നാല്‍പ്പതിലധം ദൂരൂഹ മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.


Dont Miss: ‘ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലാണ് നടന്റെ നിലപാടുകള്‍ പുറത്തു വരുന്നത്’; മൗനികളായ താരങ്ങള്‍ കേള്‍ക്കണം നസീറുദ്ദീന്‍ ഷായുടെ ഈ വാക്കുകള്‍


2013 ലെ പ്രീ മെഡിക്കല്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അടക്കം നിരവധിപ്പേര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് 107 കേസുകളും അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളുമാണ് നിലവിലുള്ളത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്‌ക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍. എന്നാല്‍ ചൗഹാനും ബി.ജെ.പി നേതൃത്വവും ആരോപണത്തെ തള്ളിയിരുന്നു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച സി.ബി.ഐ സംഘം ഇതുമായി ബന്ധപ്പെട്ട് നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്.

We use cookies to give you the best possible experience. Learn more