| Sunday, 18th August 2024, 4:54 pm

ടെസ്റ്റിൽ ആദ്യ സെഞ്ച്വറി നേടിയതിന് ശേഷം അദ്ദേഹം വിരമിക്കുകയാണെന്ന് പറഞ്ഞു: വെളിപ്പെടുത്തലുമായി ലക്ഷ്മൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എം.എസ് ധോണി. 2004ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ധോണി ഐതിഹാസികമായ ഒരു കരിയറാണ് ഇന്ത്യന്‍ ടീമിനൊപ്പം പടുത്തുയര്‍ത്തിയത്.

ഇപ്പോഴിതാ ധോണിക്കൊപ്പം പണ്ട് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആകുന്നതിന് രണ്ട് വര്‍ഷം മുമ്പ് ധോണി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്.

‘2006ല്‍ പാക്കിസ്ഥാനെതിരെ ഫൈസലാബാദില്‍ നടന്ന മത്സരത്തില്‍ ധോണി ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറി നേടി കഴിഞ്ഞതിനു ശേഷം അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുവന്ന് ഉറക്കെ പറഞ്ഞകാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ ഞാന്‍ എം.എസ് ധോണി, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടി. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പോകുന്നു’ എന്നാണ് ധോണി പറഞ്ഞത്. അത് കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി പക്ഷേ ധോണി എപ്പോഴും അങ്ങനെയായിരുന്നു,’ മുന്‍ ഇന്ത്യന്‍ താരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ 96 മത്സരങ്ങളിലാണ് ധോണി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ആറ് സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4876 റണ്‍സാണ് ധോണി റെഡ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ 60 മത്സരങ്ങളിലായിരുന്നു ധോണി നയിച്ചിരുന്നത് ഇതില്‍ 27 തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനും ധോണിക്ക് സാധിച്ചു. 2014ൽ ആയിരുന്നു ധോണി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യയുടെ മറ്റു ഫോര്‍മാറ്റുകളിലും ധോണി മികച്ച സംഭാവനകളാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യയ്ക്കായി കുട്ടി ക്രിക്കറ്റിലെ ആദ്യ ലോകകിരീടം നേടിക്കൊടുത്തത് ധോണിയായിരുന്നു. 2007ല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി യായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ ടി-20 കിരീടം നേടിയത്.

പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം ധോണിയുടെ കീഴില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന ലോകകിരീടം സ്വന്തമാക്കി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ധോണിയും സംഘവും ലോക ചാമ്പ്യന്മാരായത്. പിന്നീട് 2013ല്‍ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Content Highlight: VVS Laxman Talks About The Incident With MS Dhoni

We use cookies to give you the best possible experience. Learn more