വി.വി.എസ് ലക്ഷ്മണ്‍ വിരമിച്ചു
DSport
വി.വി.എസ് ലക്ഷ്മണ്‍ വിരമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th August 2012, 10:39 am

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വി.വി.എസ്. ലക്ഷ്മണ്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. .[]

ലക്ഷ്മണിന്റെ 16 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. ഇന്നോ നാളേയോ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ലക്ഷ്മണിന്റെ വിരമിക്കല്‍ സംബന്ധിച്ച് ബി.സി.സി.ഐയോ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഫോമില്ലായ്മയെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് അറിയുന്നത്. യുവ തലമുറയുടെ വഴിയടയ്ക്കുകയാണെന്നാണ് 37കാരനായ ലക്ഷ്മണിനെതിരെയുള്ള മുഖ്യ ആരോപണം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനമാണ് ലക്ഷ്മണ്‍ കാഴ്ച വെച്ചത്. എട്ട് ഇന്നിംഗ്‌സുകളില്‍നിന്ന് 154 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

ഈ മോശം പ്രകടനത്തിന് പിന്നാലെ ലക്ഷ്മണ്‍ വിരമിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ സമയത്ത് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായില്ല. ഇംഗ്ലണ്ട് പര്യടനത്തിലും ലക്ഷ്മണിന് തിളങ്ങാനായില്ല.

മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, കോച്ചുമാര്‍, അടുത്ത സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി വിരമിക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്തതായി ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മണ്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ലക്ഷ്മണ്‍ വെളിപ്പെടുത്തി. അഭ്യുദയകാംക്ഷികളുടെ നിര്‍ബന്ധം കൊണ്ടാണ് ടീമില്‍ കളിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

1996 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ലക്ഷ്മണ്‍ ടെസ്റ്റില്‍ അരങ്ങേറിയത്. ഇതുവരെ 134 ടെസ്റ്റുകളില്‍നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സെടുത്തു. 17 സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 281 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 86 ഏകദിനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ലക്ഷ്മണ്‍ 30.79 ശരാശരിയില്‍ 2338 റണ്‍സെടുത്തു.

ആറ് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ലക്ഷ്മണിന്റെ പേരിലുണ്ട്. 1998 ല്‍ സിംബാബ്‌വേയ്‌ക്കെതിരേ കട്ടക്കിലായിരുന്നു ഏകദിന അരങ്ങേറ്റം. 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം കളിച്ചത്. ഏകദിന ടീമില്‍ സ്ഥിരക്കാരനല്ലായിരുന്നതിനാല്‍ ലക്ഷ്മണിന് ലോകകപ്പില്‍ കളിക്കാനായിട്ടില്ല. നാല് ലോകകപ്പുകളിലാണ് ലക്ഷ്മണ്‍ കാഴ്ചക്കാരന്റെ റോളില്‍ ഒതുങ്ങിയത്.