ടി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റ് പുറത്തായതിനന്റെ നിരാശയിലാണ് ആരാധകര്‍. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ മടങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തുവിട്ടത്.
ഓപ്പണര്‍മാര്‍ വീണ്ടും മങ്ങിയ മത്സരത്തില്‍ വിരാട് കോഹ്‌ലിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്.
ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ഈ മാസം 18ന് ടി20 പരമ്പരയോടെ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വി.വി.എസ്. ലക്ഷ്മണിനെയാണ് നിയമിച്ചത്.
ടി-20 ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫിന് വിശ്രമമനുവദിച്ചു.
സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ആര്‍. അശ്വിന്‍ എന്നിവരും മത്സരത്തില്‍ പങ്കെടുക്കില്ല. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ പടയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടി-20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്.
18ന് തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ശിഖര്‍ ധവാനാണ് ഏകദിന ടീമിനെ നയിക്കുക. ഡിസംബര്‍ ആദ്യം ബംഗ്ലാദേശ് പര്യടനത്തിന് സീനിയര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തും.
അതേസമയം ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയുടെ സംപ്രേഷണം ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിലൂടെ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതാദ്യമായാണ് ആമസോണ്‍ പ്രൈമില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ആമസോണ്‍ പ്രൈമില്‍ മത്സരങ്ങള്‍ ലൈവ് സ്ടീമിങ് ചെയ്യുക.
മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ റാപ്പിഡ് റീ ക്യാപ് എന്ന ഓപ്ഷനിലൂടെ കാണാനാകും. കമന്ററിയും ഗ്രാഫിക്‌സും ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാകും.
വീഡിയോ കമന്ററിക്കായി രവി ശാസ്ത്രി, ഹര്‍ഷ ഭോഗ്ലെ, സഹീര്‍ ഖാന്‍, അഞ്ജും ചോപ്ര, ഗുണ്ടപ്പ വിശ്വനാഥ്, വെങ്കടപതി രാജു തുടങ്ങിയ പ്രമുഖരുമുണ്ടാകും.
Content Highlights: VVS Laxman is set to replace him as India’s coach for the New Zealand tour