മുംബൈ: കഴിഞ്ഞ കുറച്ചു നാളുകളായി ഫോര്‍മാറ്റ് ഏതായാലും ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണ്. ഓരോ പരമ്പരയും വലിയ മാര്‍ജിനിലാണ് ഇന്ത്യ ജയിച്ചു കയറുന്നത്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ വിജയം വളരെ ആധികാരികമായിരുന്നു.
ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി ദക്ഷിണാഫ്രിക്കയാണ്. രണ്ടും ടീമുകളും തുല്യ ശക്തികളാണെന്നതും കളി നടക്കുന്നത് പോര്‍ട്ടീസിന്റെ മണ്ണിലാണെന്നുമുള്ള കാരണത്താല്‍ ഇന്ത്യയ്ക്ക് നന്നായി വിയര്‍ക്കേണ്ടി വരും. പക്ഷെ അതിന് മുമ്പ് ഇന്ത്യയ്ക്ക് ശ്രീലങ്കയെ ഏകദിനത്തില്‍ നേരിടേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ കളിച്ച മത്സരങ്ങളിലെ പോലെ സമ്പൂര്‍ണ്ണ വിജയം നേടാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യയ്ക്ക് മുന്‍ ലങ്കന്‍ താരം റസല്‍ അര്‍നോള്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്.
So Test series ends 1-0 and I can promise you the ODI”s wont end 5-0 like it did a few months ago !!!
— Russel Arnold (@RusselArnold69) December 7, 2017
ലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര 1-0 ന് വിജയിച്ചത് പോലെ ഏകദിനം 5-0 ന് ജയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അര്‍നോള്‍ഡിന്റെ മുന്നറിയിപ്പ്. ഇന്ത്യയ്ക്കുള്ള ശ്രീലങ്കയുടെ വെല്ലുവിളിയായാണ് കായിക ലോകം അര്‍നോള്‍ഡിന്റെ ട്വീറ്റിനെ കാണുന്നത്. എന്നാല്‍ അര്‍നോള്‍ഡിന്റെ മുന്നറിയിപ്പിന് ആയുസ് വളരെ കുറവായിരുന്നു. തൊട്ടു പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായെത്തിയത് വി.വി.എസ് ലക്ഷ്മണ്‍ ആയിരുന്നു.
Sure Russel , it won’t in a 3 match series. This prediction won’t fail. https://t.co/zhJTlwUV92
— VVS Laxman (@VVSLaxman281) December 8, 2017
അര്‍നോള്‍ഡ് പറഞ്ഞത് ശരിയാണെന്നും മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആര്‍ക്കും 5-0ന് ജയിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു ലക്ഷ്മണിന്റെ മറുപടി. ലക്ഷ്മണിന്റെ വെരി വെരി സ്‌പെഷ്യല്‍ റിപ്ലേയെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും മിമുകളുമായാണ് ആരാധകര്‍ അര്‍നോള്‍ഡിനെ പരിഹസിക്കുന്നത്.
ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. മൂന്ന് ട്വന്റി-20 മത്സരങ്ങളുമുണ്ട്. നായകന്‍ വിരാടിന് വിശ്രമം അനുവദിച്ചതിനാല്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക.