ബംഗളുരു: ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയ ബൂത്തില്‍ റീ ഇലക്ഷന്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.
തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഇവിടെ 49 ഓളം പേര്‍ വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയ്ക്കല്ല വോട്ടു രേഖപ്പെടുത്തപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി നിരവധി പേര്‍ രംഗത്തുവരികയായിരുന്നു.
വോട്ടര്‍മാര്‍ ഇക്കാര്യം പൊളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ മറ്റുള്ളവരോട് വോട്ടിങ് തുടരാനാവശ്യപ്പെട്ടു. അതിനുശേഷം ആദ്യം വോട്ടു ചെയ്തയാളുടെ വോട്ട് ശരിയായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചെയ്ത മൂന്നാലുപേരുടെ വോട്ട് അവര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയ്ക്കല്ല വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. ഇത് ഇടയ്ക്കിടെ തുടര്‍ന്നു. 49 പേര് വോട്ടുരേഖപ്പെടുത്തിയപ്പോള്‍ ഇ.വി.എമ്മിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതോടെ വോട്ടിങ് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
1444 വോട്ടുകളാണ് ബൂത്തിലുള്ളത്. 200ഓളം വോട്ടര്‍മാര്‍ രണ്ടുമണിക്കൂറോളം കാത്തുനിന്നശേഷമാണ് വോട്ടിങ് നിര്‍ത്തിവെച്ചതായി അറിഞ്ഞത്. ഇലക്ഷന്‍ കമ്മീഷന്‍ വിഷയം കൈകാര്യം ചെയ്തതില്‍ വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തി.
“മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്നല്ലാതെ കാത്തിരുന്ന വോട്ടര്‍മാരോട് മറ്റൊന്നും പറഞ്ഞില്ല. ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര ഗുരുതരമാകുമായിരുന്നില്ല.” വോട്ട് തെറ്റായി രേഖപ്പെടുത്തിയെന്ന പരാതി ഉന്നയിച്ച ഗജേന്ദ്ര പറയുന്നു.
ബംഗളുരുവില്‍ ഇ.വി.എമ്മില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു.
“ആര്‍.എം.വി സെക്കന്റ് സ്റ്റേജിലെ എന്റെ പിതാവിന്റെ വീടിന് എതിര്‍വശത്തായി അഞ്ച് ബൂത്തുകളുണ്ട്. രണ്ടാം ബൂത്തില്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് താമരയ്ക്കാണ്. വോട്ടു ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുകയാണ്.” എന്നാണ് ട്വിറ്ററിലൂടെ ബ്രിജേഷ് ആരോപിച്ചത്.