[] ന്യൂദല്‍ഹി: വിശിഷ്ടവ്യക്തികള്‍ക്ക് വേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായുള്ള വിവാദ ഹെലികോപ്റ്റര്‍ ഇടപാട് ഇന്ത്യ റദ്ദാക്കി.
12 അഗസ്ത വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു.101 ഹെലികോപ്ടറുകള്‍ക്കായുള്ള കരാര്‍ ആണ് റദ്ദാക്കിയിരിക്കുന്നത്. 3000 കോടി മുടക്കി വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ 12 ഹെലികോപ്ടര്‍ വാങ്ങാനായിരുന്നു കരാര്‍.
പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനമായത്. കരാര്‍ പ്രകാരം മൂന്ന് ഹെലികോപ്റ്ററുകള്‍ ഇതിനകം അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനി വ്യോമസേനക്ക് കൈമാറിയിരുന്നു.
എന്നാല്‍ കരാര്‍ നേടുന്നതിന് 360 കോടി രൂപ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാര്‍ക്ക് കൈമാറിയെന്ന് ഇറ്റാലിയന്‍ അന്വേഷണസംഘം കണ്ടെത്തിയതോടെ ശേഷിക്കുന്ന ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് പ്രതിരോധ മന്ത്രാലയം മരവിപ്പിച്ചിരുന്നു.
കരാറിനുവേണ്ടി കോഴ നല്‍കിയെന്ന കുറ്റം ചുമത്തി ഇറ്റാലിയന്‍ പൊലീസ് അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിന്‍ മെക്കാനിക്കയുടെ ചീഫ് എക്‌സിക്യൂട്ടിവിനെ അറസ്റ്റ് ചെയ്തതോടെയാണ് കരാര്‍ വെള്ളത്തിലായത്.
കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
2010ലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ കരാറില്‍ ഒപ്പിട്ടത്. കരാര്‍ റദ്ദാക്കരുതെന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് നേരത്തെ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.