ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്
Daily News
ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2016, 8:03 pm

കോഴിക്കോട്: ജനുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന പാകിസ്ഥാന്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്. തന്റെ ഫേസ്ബുക്ക് പേജിലാണ് വി.വി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരിയുടെ മണ്ണില്‍ വിശ്വ പ്രശസ്ത ഗസ്സല്‍ ഗായകന്റെ ശബ്ദത്തിന് കാതോര്‍ക്കാന്‍ ഞാനും പോകുന്നുണ്ടെന്ന് വി.വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

“ജനുവരി 15ന് ഗുലാം അലി എത്തുന്നു.അനന്തപുരിയുടെ മണ്ണില്‍ വിശ്വ പ്രശസ്ത ഗസ്സല്‍ ഗായകന്റെ ശബ്ദത്തിന് കാതോര്‍ക്കാന്‍ ഞാനും പോകുന്നു. മതങ്ങളുടെയും, രാഷ്ട്രങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകളെ നിസ്സാരമാക്കി, സംഘര്‍ഷഭരിതമായ വര്‍ത്തമാന കാലലോകത്തില്‍, സംഗീതത്തിന്റെ മാസ്മരിക വിപ്ലവം നിറഞ്ഞു തുളുമ്പുമ്പോള്‍ ഞാനുമുണ്ടാകും നിങ്ങളോടൊപ്പം.” വി.വി രാജേഷ് പറഞ്ഞു.
vv-rajesh
കഴിഞ്ഞ ദിവസം കെ.സുരേന്ദ്രനും പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ മുംബൈയിലും ദല്‍ഹിയിലും ഗുലാം അലിയുടെ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ശിവസേനയും മറ്റ് ചില ഹിന്ദുത്വസംഘടനകളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു. ഗുലാം അലിക്കെതിരെ നടന്ന പ്രതിഷേധങ്ങളോട് ബി.ജെ.പി നിശബ്ദദ പാലിക്കുകയാണ് ചെയ്തത്.

പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെയാണ് കേരളത്തില്‍ ഗുലാം അലിയുടെ സംഗീതപരിപാടി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ബി.ജെ.പി കേരളാ ഘടകം പരിപാടിക്ക് പിന്തുണയറിയിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. അതേസമയം ഗുലാം അലിയുടെ കേരളത്തില്‍ നടക്കുന്ന പരിപാടികള്‍ തടയുമെന്ന നിലപാടിലാണ് ശിവസേന.