| Saturday, 26th January 2019, 9:47 pm

പിണറായി വിജയന്‍- ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്;രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ചൈത്ര തെരേസ ജോണിന്റെ പാര്‍ട്ടി ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. ചൈത്രയെ മാറ്റിയ നടപടി എന്തുതരം നിയമവാഴ്ചയാണെന്നും പിണറായി വിജയന്‍- ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ്ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം. കര്‍ത്തവ്യ നിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് പൊലീസ്ഉദ്യോഗസ്ഥ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും എന്നാല്‍ മുഖ്യമന്ത്രിയും പൊലീസ്‌മേധാവിയും നേരിട്ട് വിളിച്ച് താക്കീത് ചെയ്യുന്നെന്നും ബല്‍റാം പറഞ്ഞു.

ഡയറക്റ്റ് ഐ.പി.എസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണ് സി.പി.ഐ.എം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതിയെന്നും
ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ ഇപ്പോള്‍ പു.ക.സ നല്‍കിയ ഏതോ പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ബാലികയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സി.പി.ഐ.എമ്മുകാരെ പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെര്‍ച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കര്‍ത്തവ്യ നിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയില്‍ ഒരു പൊലീസ്ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവര്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പൊലീസ്‌മേധാവിയും പൊലീസ്‌വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാല്‍ മുഖ്യമന്ത്രിയും ചേര്‍ന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാല്‍ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍- ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ്ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐ.പി.എസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ? വി.ടി ബല്‍റാം ഫേസ്ബുക്കില്‍ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി “ബാലകറാം” ആക്കി മാറ്റാന്‍ നടന്നവരൊക്കെ ഇപ്പോള്‍ പു ക സ നല്‍കിയ ഏതോ പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

We use cookies to give you the best possible experience. Learn more