ദോഹ: മലയാള ഗാനശാഖയുടെ ഇന്നത്തെ തകര്‍ച്ചക്ക് ഗാനഗന്ധര്‍വന്‍ അടക്കമുള്ളവര്‍ കാരണക്കാരാണന്ന് ഗായകനും കലാപ്രവര്‍ത്തകനുമായ വി.ടി മുരളി. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന ബഹുസ്വരത ഇന്ന് ഏകസ്വരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ദോഹയില്‍ സന്ദര്‍ശനത്തിന് എത്തിയ വി.ടി മുരളി മാധ്യമത്തോട് സംസാരിക്കവെയാണ് മലായാള ഗാനശാഖയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. അടുത്തിടെ സംസ്ഥാന സിനിമാ ജൂറി അംഗമായിരുന്ന വേളയില്‍, മല്‍സരത്തിന് വന്ന 68 സിനിമകളിലെ പാട്ടുകള്‍ കേട്ടപ്പോള്‍ കടുത്ത നിരാശയാണ് അനുഭവപ്പെട്ടതെന്നും തന്റെയതേ പ്രതികരണമാണ് പല ജൂറി അംഗങ്ങള്‍ക്കും മലയാള സിനിമാപ്രേക്ഷകര്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
“വൈവിദ്ധ്യത്തിന് പകരം ഒരേ തരം പാട്ടുകളാണ് പുറത്തുവരുന്നത്. ഒരുകാലത്ത് രാഘവന്‍മാസ്റ്ററും ദേവരാജനും ദക്ഷിണാമൂര്‍ത്തിയും ബാബുരാജും രവീന്ദ്രനും ജോണ്‍സണും എല്ലാം ചേര്‍ന്ന് ഉണ്ടാക്കിയ സൗന്ദര്യാത്മകത ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ഇന്ന് ഗാനരംഗം ഏറെ പിന്നോട്ടുപോയി എന്നതാണ് സത്യം.
ഇതിന്റെ കാരണം പാട്ടിന് പകരം പണം എന്നുള്ള സങ്കല്‍പ്പമാണ്. മുമ്പെല്ലാം ഗായകര്‍ക്ക് സിനിമയില്‍ നല്ല പാട്ട് പാടാനുള്ള കൊതി ഉണ്ടായിരുന്നു. മികച്ച പാടുകള്‍ തങ്ങള്‍ക്ക് പാടണമെന്ന അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് പാട്ട് ഏതും ആകാം തങ്ങള്‍ക്ക് നല്ല പണം വേണം എന്ന ചിന്താഗതിയാണ്.” അദ്ദേഹം പറയുന്നു.
ഈ അവസ്ഥയ്ക്ക് യേശുദാസ് അടക്കമുള്ളവര്‍ക്ക് പങ്കുണ്ട് എന്നത് നിഷേധിക്കാനാവില്ലെന്നും വി.ടി മുരളി പറഞ്ഞു. താന്‍ ഖത്തറില്‍ വന്നപ്പോള്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുത്തു. അതിലൊന്ന് സംവിധായകന്‍ ജോണ്‍ എബ്രഹാം അനുസ്മരണമായിരുന്നു. മറ്റൊന്ന് “പൊന്നരിവാളമ്പിളിയില്‍, ജീവിതസമരങ്ങളുടെ പാട്ടും പറച്ചിലും” എന്ന പരിപാടിയായിരുന്നു.
മലയാള നാടക ഗാനശാഖ സാമൂഹ്യമാറ്റത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് തനിക്ക് പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചു. എന്നാല്‍ ഇന്ന് കേരളത്തില്‍ ഇത്തരം പരിപാടികളൊന്നും നടത്താനോ കേള്‍ക്കാനോ ആളില്ലാത്ത അവസ്ഥയുണ്ടെന്നത് പുരോഗമന പ്രസ്ഥാനത്തിന്റെ പക്ഷത്തുനിന്നുള്ള ഒരാളായിട്ടും തനിക്ക് പറയേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.