| Monday, 17th July 2017, 11:10 am

താങ്കളുടെ സമുദായത്തിന് ഇപ്പോള്‍ തന്നെ മൂന്നിരട്ടി ആനുകൂല്യമുണ്ട്; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി.ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവരണക്കാര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും പ്ലസ്ടുവിന് 79 ശതമാനം മാര്‍ക്കുണ്ടായിട്ടും കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ കൃഷിചെയ്യാന്‍ പോകുകയാണെന്നുമുള്ള ലിജോ ജോയ് എന്ന വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കിടിലന്‍ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ.

ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ലെന്നും താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നതെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണെന്നും അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണെന്നും വി.ടി ബല്‍റാം വ്യക്തമാക്കുന്നു.


Dont Miss പറച്ചില്‍ മാത്രമല്ല, അവിടെ മമതയുടെ വക കേസും; വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് നേതാവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്


ഇത് മനസ്സിലാക്കാന്‍ താങ്കളടക്കം പലര്‍ക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവര്‍ക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാള്‍ക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.

“കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍” താങ്കള്‍ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്‍ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ “താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്” ഇല്ല. സഹപാഠികള്‍ക്കിടയില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും.

ഇങ്ങനെ അവര്‍ക്കുള്ള പലതരം പരിമിതികളേയും മുന്നില്‍ക്കണ്ട് അവര്‍ക്ക് നല്‍കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്‍കിയില്ലെങ്കില്‍ നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്‍ മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നല്‍കിയിട്ടും പല സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.

കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല.അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെയെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more