| Wednesday, 26th December 2018, 11:13 am

ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് സെന്‍കുമാറിനെ പണ്ട് അനുകൂലിച്ചവര്‍ക്കെതിരെ രംഗത്തുവരുന്നത്: വിമര്‍ശനവുമായി വി.ടി ബെല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്തുനിന്നും പുറത്താക്കിയതിനെതിരെ ടി.പി സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടത്തെ അനുകൂലിച്ചവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് രാഷ്ട്രീയത്തില്‍ കൊണ്ടുന്ന് സി.പി.ഐ.എം പിന്തുണയില്‍ എം.എല്‍.എ ആക്കിയയാള്‍ ഇന്ന് മോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയാണെന്നും ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്തവരാണ് മുമ്പ് സെന്‍കുമാറിനെ പിന്തുണച്ചവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നതെന്നാണ് ബല്‍റാം പറയുന്നത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍.

“സിവില്‍ സര്‍വ്വീസില്‍ നിന്ന് പിണറായി വിജയന്‍ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് സിപിഎം പിന്തുണയില്‍ എംഎല്‍എ ആക്കിയ ഒരാള്‍ ഇന്ന് നരേന്ദ്രമോഡി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവര്‍ പരസ്പരം വിരുന്നൂട്ടുന്ന “”ദീര്‍ഘകാല സുഹൃത്തു”ക്കളുമാണ്.

ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് സര്‍ക്കാര്‍ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവര്‍ക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്.” ബല്‍റാം പറയുന്നു.

വിരമിച്ചശേഷം സെന്‍കുമാര്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണ്. അത് മുന്‍കൂട്ടി കണ്ടാണ് സര്‍വ്വീസിലിരിക്കുമ്പോള്‍ സെന്‍കുമാറിനെ വേട്ടയാടിയതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബല്‍റാം പറയുന്നു.

Also read:സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി, അതോര്‍മ്മ വേണം; മുന്‍ ഡി.ജി.പിയെ കുറിച്ച് പിണറായി വിജയന്‍ അന്ന് നിയമസഭയില്‍ പറഞ്ഞത്

“റിട്ടയര്‍മെന്റിന് ശേഷം അയാള്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രം. പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങള്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാല്‍ അത് അന്തം കമ്മികള്‍ക്ക് മാത്രം വിഴുങ്ങാന്‍ കഴിയുന്ന ന്യായമാണ്. പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍.” അദ്ദേഹം പറയുന്നു.

ആര്‍.എസ്.എസ് ബന്ധം സെന്‍കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെ നേരത്തെ സെന്‍കുമാറിന്റെ സെന്‍കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ വി.ടി ബല്‍റാമിനെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബല്‍റാമിന്റെ വിശദീകരണം വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സെന്‍കുമാര്‍ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് പറഞ്ഞത്. ടി.പി സെന്‍കുമാര്‍ ആര്‍.എസി.എസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് എഎ റഹീം പറഞ്ഞതോടെയാണ് സെന്‍കുമാര്‍ സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. “ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ” എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

എന്നാല്‍ താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നതെന്നായിരുന്നു സെന്‍കുമാറിന് എ.എ റഹിം മറുപടി നല്‍കിയത്.

“അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വെച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡി.ജി.പിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ് ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണ്.” എന്നായിരുന്നു റിഹിം പറഞ്ഞത്.

We use cookies to give you the best possible experience. Learn more