| Saturday, 8th September 2018, 2:27 pm

'ഈയടുത്താണ് പാര്‍ട്ടി രീതികള്‍ മനസിലായത്' എ.കെ.ജിയ്‌ക്കെതിരായ അധിക്ഷേപത്തില്‍ സി.പി.ഐ.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാമിന്റെ ഖേദപ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് പരിഹാസ മാപ്പുപറച്ചിലുമായി വി.ടി ബല്‍റാം എം.എല്‍.എ. പി.കെ ശശി വിഷയത്തിലെ സി.പി.ഐ.എം നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ പരിഹാസം.

തുടക്കത്തില്‍ ഖേദപ്രകടനം എന്ന് തോന്നിപ്പിക്കുന്ന കുറിപ്പിന്റെ അവസാന ഭാഗത്താണ് ബല്‍റാം പരിഹാസം. “ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം “ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം” എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായോ അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.” എന്നാണ് അദ്ദേഹം ആദ്യഭാഗത്ത് പറയുന്നത്.

Also Read:എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ഈ വിഷയത്തിന്റെ പേരില്‍ തനിക്കെതിരെ നടന്ന ആക്രമണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് സ്ത്രീ സംരക്ഷണക്കാര്യത്തിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥമായ താല്‍പര്യംമൂലമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് പറഞ്ഞാണ് ബല്‍റാം പരിഹസിക്കുന്നത്.

“എന്റെ ഓഫീസ് രണ്ട് തവണ തകര്‍ക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്. എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാര സമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സി.പി.ഐ.എമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.” എന്നും ബല്‍റം പറയുന്നു

We use cookies to give you the best possible experience. Learn more