ജാതി സംവരണമെന്തിനെന്ന് മനസിലാവാത്തവരുടെയും സാമ്പത്തിക സംവരണത്തിന് വാദിക്കുന്നവരുടെയും സ്ഥാനം സംഘപരിവാറിനൊപ്പം തന്നെയായിരിക്കും: വി.ടി ബല്‍റാം
Kerala
ജാതി സംവരണമെന്തിനെന്ന് മനസിലാവാത്തവരുടെയും സാമ്പത്തിക സംവരണത്തിന് വാദിക്കുന്നവരുടെയും സ്ഥാനം സംഘപരിവാറിനൊപ്പം തന്നെയായിരിക്കും: വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2017, 10:08 am

കോഴിക്കോട്: ജാതി സംവരണമെന്തിനെന്ന് മനസിലാവാത്തവരുടെ സ്ഥാനം ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാറിനൊപ്പം തന്നെയായിരിക്കുമെന്ന് വി.ടി ബല്‍റാം. കോണ്‍ഗ്രസിന്റേതടക്കമുള്ള വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ജാതി സംവരണത്തിന്റെ അനിവാര്യത അണികളെയും അനുഭാവികളെയും ബോധ്യപ്പെടുത്താനുള്ള കാമ്പെയ്ന്‍ അടിയന്തരമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.


Also Read:മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


ജാതി അടിസ്ഥാനത്തിലുള്ള സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം വന്നതിനു പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

ഉയര്‍ന്ന നേതാക്കന്മാര്‍ പോലും പലപ്പോഴും ജാതി സംവരണത്തെ അനുകൂലിക്കുന്നത് അതിന്റെ ലോജിക്ക് മനസിലാക്കിയട്ടല്ല എന്നാണ് തനിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇത്തരമൊരു കാമ്പെയ്‌ന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.

ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നതിനുശേഷം ജാതിസംവരണ വിരുദ്ധ നിലപാടുകളാണ് സംഘപരിവാറിലേക്ക് ആളെക്കൂട്ടുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചുവരുന്ന മര്‍മറിങ് കാമ്പെയ്‌നെന്നും അദ്ദേഹം പറയുന്നു.


Don”t Miss: കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം


“ഒരുകാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു: ജാതി സംവരണമെന്തിനെന്ന് മനസ്സിലാവാത്തവരുടേയും അതിന് പകരമായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടേയും സ്ഥാനം ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാറിനൊപ്പം തന്നെയായിരിക്കും. ചരിത്രബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധം.” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.