തൃശൂര്‍: ജി.എസ്.ടി തീരുമാനം പാളിയപ്പോള്‍ “അത് ഞാന്‍ മാത്രമല്ല, അവരെല്ലാവരും ഉണ്ട്” എന്ന ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മോദിയെന്ന് വി.ടി ബല്‍റാം എം.എല്‍.എ.
ജി.എസ്.ടിയുടെ ക്രെഡിറ്റ് ഒറ്റക്ക് അടിച്ച് മാറ്റാന്‍ ശ്രമിച്ചയാളാണ് മോദി. ഒരു രാജ്യം ഒരു ടാക്‌സ് എന്ന ജിഎസ്ടി ആശയം കോണ്‍ഗ്രസിന്റേതായിരുന്നു. എന്നാല്‍ നടപ്പാക്കലിനേക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പുകള്‍ ഒന്നും പരിഗണിക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കാതെയാണ് മോദി ഇത് നടപ്പിലാക്കിയതെന്നും ബല്‍റാം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം
അര്‍ദ്ധരാത്രിക്ക് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ജിഎസ്ടി നടപ്പാക്കി ക്രഡിറ്റ് ഒറ്റക്ക് അടിച്ചുമാറ്റാന്‍ നോക്കിയവര്‍ സംഭവം പാളിയപ്പോള്‍ “അത് ഞാന്‍ മാത്രമല്ല, അവരെല്ലാവരും ഉണ്ട്” എന്ന് ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷ് സ്‌റ്റൈലില്‍ കൈകഴുകാന്‍ നോക്കുകയാണ്.
ഒരു രാജ്യം ഒരു ടാക്‌സ് എന്ന ജിഎസ്ടി ആശയം കോണ്‍ഗ്രസിന്റേതാണ്. എന്നാല്‍ നടപ്പാക്കലിനേക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പുകള്‍ ഒന്നും പരിഗണിക്കാനുള്ള ജനാധിപത്യ മര്യാദ കാണിക്കാതെ നികുതി നിരക്ക് വലിയ തോതില്‍ ഉയര്‍ത്തിയും പല തട്ടുകള്‍ സൃഷ്ടിച്ചും എണ്ണിയാലൊടുങ്ങാത്ത ഫോമുകളടക്കമുള്ള സാങ്കേതികത്വങ്ങള്‍ വര്‍ദ്ധിപ്പിച്ചും യാതൊരു മുന്നൊരുക്കമോ ബോധവല്‍ക്കരണമോ നടത്താതെ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്ത് ഒറ്റയടിക്ക് അടിച്ചേല്‍പ്പിച്ച ജിഎസ്ടി ഇന്ന് ഈ നാടിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായി താറുമാറാക്കിയിരിക്കുന്നു.